എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി.ഇസ്‌ലാമിക മതപ്രഭാഷകനായ എം എം അക്ബറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്റര്‍നാഷനല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍  കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാവുമോയെന്ന കാര്യത്തില്‍ അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവില്‍ മാത്രമേ വ്യക്തത വരൂ. എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 2016 ഒക്ടോബറില്‍ സ്‌കൂളില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. സ്‌കൂളിലെ മുന്‍ അദ്ധ്യാപകര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പോലിസിന്റെ റിപോര്‍ട്ട്. എന്‍സിഇആര്‍ടിയോ, സിബിഎസ്ഇയോ, എസ്‌സിഇആര്‍ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല പഠിപ്പിക്കുന്നതെന്നും കുട്ടികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന പാഠങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top