എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി താല്‍ക്കാലികമായി കണ്ടുകെട്ടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടി. 64 സെന്റ് ഭൂമിയാണ് കണ്ടുകെട്ടിയത്. ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസിന്റെ എറണാകുളം വാഴക്കാലയിലുള്ള വീട് കണ്ടുകെട്ടുകയും ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിക്കുകയും ചെയ്തതായാണ് വിവരം.
കഴിഞ്ഞ ആറു മാസമായി നടന്നുവന്നിരുന്ന അന്വേഷണത്തിന്റെ തുടര്‍നടപടി എന്നോണമാണ് നടപടിയെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 10 കോടി പിഴയടക്കണമെന്നുകാട്ടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 3.94 കോടി രൂപയ്ക്ക് രൂപത വിറ്റ ഭൂമി ആറു മാസത്തിനു ശേഷം 39 കോടി രൂപയ്ക്ക് മറിച്ചുവിറ്റതായാണ് കണ്ടെത്തല്‍. സാജു വര്‍ഗീസ് വഴി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ നടന്നതായി സംഭവം അന്വേഷിച്ച എറണാകുളം-അങ്കമാലി അതിരൂപതയുടെ സമിതി തന്നെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ കണ്ണായ സ്ഥലങ്ങളിലുള്ള സഭയുടെ ഭൂമി പണം മുഴുവനായി ലഭിക്കുന്നതിനു മുമ്പുതന്നെ മുറിച്ചുവിറ്റതില്‍ ക്രമക്കേടുണ്ടെന്നും സഭ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
ഇടപാടില്‍ സഭയുടെ സ്വത്തിന്റെ ദുരുപയോഗവും നികുതിവെട്ടിപ്പും വഞ്ചനയും നടന്നിട്ടുണ്ടെന്ന് കാണിച്ച് ഒരു വിഭാഗം വൈദികര്‍ സഭാനേതൃത്വത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സഭ നിയോഗിച്ച ആറംഗ വിദഗ്ധ സമിതി അന്വേഷണം തുടരുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. 36 പേര്‍ക്കായിരുന്നു ഭൂമി കൈമാറിയിരുന്നത്.

RELATED STORIES

Share it
Top