എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്‍പന സം—ബന്ധിച്ച് സഭയില്‍ ചേരിപ്പോര്് മുറുകുന്നു. ഭൂമി വില്‍പന അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം ചേരാന്‍ കഴിഞ്ഞില്ല. സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞുവച്ചതിനാലാണു യോഗംചേരാന്‍ കഴിയാതെപോയതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈദികസമിതി വ്യക്തമാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് മേജര്‍ ആര്‍ച്ച് ബിഷപ് ഹൗസിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നത്. എറണാകുളം -അങ്കമാലി അതിരൂപതയില്‍ അടുത്തകാലത്തുണ്ടായ വിവാദ ഭൂമിവില്‍പന സംബന്ധിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച കമ്മീഷന്‍ റിപോര്‍ട്ട് അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യുന്നതിനുമായിരുന്നു യോഗം. യോഗം ചേരാന്‍ സമയമായപ്പോള്‍ യോഗത്തിലേക്ക് ക്ഷണിക്കുന്നതിനായി താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുറിയിലേക്ക്് ചെന്നപ്പോള്‍ അല്‍മായരായ വി വി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാലയില്‍ എന്നിവര്‍ മുറിയിലുണ്ടായിരുന്നുവെന്നും ഇവര്‍ കര്‍ദിനാളിനെ തടഞ്ഞുവച്ചിരിക്കുകയായിരുന്നുവെന്നും വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതിരൂപതയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വൈദിക സമിതി യോഗം ഇപ്രകാരം തടസ്സപ്പെട്ടത്. തടഞ്ഞവരെ വേണമെങ്കില്‍ നീക്കംചെയ്യാനാകുമായിരുന്നു. പക്ഷേ, തങ്ങളുടെ തന്നെ അല്‍മായര്‍ ആയതിനാലും വിശ്വാസികളെ സ്‌നേഹിക്കുന്നതുകൊണ്ടും ബലംപ്രയോഗിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സഭയ്ക്ക് ലഭിക്കാനുള്ള പണം തിരിച്ചുപിടിക്കാനുള്ള കൃത്യമായ തീരുമാനം കഴിഞ്ഞ വൈദിക സമിതി യോഗം എടുത്തിട്ടുണ്ട്. ആ തീരുമാനമനുസരിച്ച് മുന്നോട്ടു പോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ദിനാളിനെ തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി വി അഗസ്റ്റിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED STORIES

Share it
Top