എരുമേലി വാവര്‍ പള്ളി ഭാരവാഹികളുടെ പ്രസ്താവന: വിശദീകരണം തേടും- ജമാഅത്ത് കൗണ്‍സില്‍

ആലപ്പുഴ: സ്ത്രീകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള എരുമേലി വാവര്‍ പള്ളി ഭാരവാഹികളുടെ പ്രസ്താവനയില്‍ വിശദീകരണം തേടുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്. ജമാഅത്ത് കൗണ്‍സിലിനു കീഴിലുള്ള പള്ളിയാണിത്. സുപ്രിംകോടതി വിധികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിനാണ് ഉപകരിക്കുക. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ വെല്ലുവിളിക്കുന്നതിനൊപ്പം സുരക്ഷാ ഭീഷണിയുമുയരുന്നു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ മറ്റൊരു വിധി മുസ്‌ലിം പള്ളികളെക്കുറിച്ചായിരുന്നു. പള്ളികള്‍ ആവശ്യമില്ലെന്നും പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കാം എന്നുമുള്ള വിധികള്‍ ശുദ്ധമണ്ടത്തരമാണ്. ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുമ്പു പ്രഖ്യാപിച്ച വിധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ്. ഈ വിഷയത്തില്‍ ഹിന്ദു വിശ്വാസികള്‍ക്കുള്ള വേദനയില്‍ പങ്കുചേരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി രാജ്യം മുഴുവന്‍ സ്വാഗതം ചെയ്യുന്നു. പന്തളംകൊട്ടാരം റിവ്യൂ പെറ്റീഷനുമായി മുന്നോട്ടുപോവുമ്പോള്‍ കക്ഷിചേരുന്ന കാര്യം ആലോചിക്കും. വിധി പുനപ്പരിശോധിക്കാന്‍ പുതിയ ചീഫ് ജസ്റ്റിസ് തയ്യാറാവണമെന്നും പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top