എരുമേലി പഞ്ചായത്ത് വിഭജിക്കാന്‍ വീണ്ടും നീക്കംഎരുമേലി: രണ്ടു വര്‍ഷം മുമ്പ് മുടങ്ങിപ്പോയ എരുമേലി ഗ്രാമപ്പഞ്ചായത്തിന്റെ വിഭജനത്തിനു വീണ്ടും സാധ്യത തെളിഞ്ഞു. വിഭജന നടപടികള്‍ ആരംഭിക്കാന്‍ വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എരുമേലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കു കത്തു നല്‍കി. വിഭജിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് സെക്രട്ടറി മറുപടിയായി അറിയിച്ചു. വിഭജനം നടത്തുന്നതിനോട് അനുകൂല നിലപാടിലാണ് പഞ്ചായത്ത് ഭരണ സമിതിയുമെന്ന് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു.23 വാര്‍ഡുകളുള്ളതും ജില്ലയിലെ അതി വിസ്തൃത പഞ്ചായത്തുകളിലൊന്നുമാണ് എരുമേലി. നിലവില്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുമുണ്ട്. എന്നാല്‍ കോടികളോളം അയ്യപ്പഭക്തരെത്തുന്ന ശബരിമല തീര്‍ത്ഥാടന കേന്ദ്രമായിട്ടും അടിസ്ഥാന വികസനം പോലുമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിനെ കൊണ്ട് ഇത് സാധ്യമല്ലാത്തതിനാല്‍ പരിഹാരമായി ടൗണ്‍ഷിപ്പായി എരുമേലിയെ മാറ്റുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഒപ്പം ടൗണ്‍ഷിപ്പ് രൂപീകരണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നതുമാണ്.   ടൗണ്‍ഷിപ്പാക്കുന്നതിനായി എരുമേലിക്കു മുനിസിപ്പല്‍ പദവി അനുവദിക്കാന്‍ നടപടികളായെങ്കിലും പഞ്ചായത്ത് വിഭജനം ആദ്യം പൂര്‍ത്തിയാക്കിയിട്ട് മതിയെന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ എരുമേലി ഗ്രാമപ്പഞ്ചായത്ത് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് ചുമതല നല്‍കി. ഇതിന്റെ ഭാഗമായി വിഭജനത്തിന് 2015 ഏപ്രില്‍ 30ന് വിജ്ഞാപനം പുറപ്പെടുവിച്ചു. എരുമേലിക്ക് 16 വാര്‍ഡുകളും മുക്കൂട്ടുതറ ആസ്ഥാനമാക്കി പുതിയതായി രൂപീകരിക്കുന്ന പഞ്ചായത്തിന് 14 വാര്‍ഡുകളുമായി നിര്‍ണയിച്ച് അതിര്‍ത്തികളും നിശ്ചയിച്ച് കരട് രൂപരേഖ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ ഹിയറിങും നടന്നു. എന്നാല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു വിഭജനം പ്രാബല്യത്തിലാക്കാനും പുതുക്കി നിര്‍ണയിച്ച വാര്‍ഡുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കാനും കഴിഞ്ഞില്ല. ഈ സമയം ത്രിതല പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് വൈകിയതോടെ ഉടന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കേണ്ടി വന്നതാണ് ഇതിന് തടസ്സമായത്. നിലവില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ 52,328ഉം പുരുഷന്മാരുടെ എണ്ണം 25118ഉം സ്ത്രീകള്‍ 27210ഉം ആണ്. പട്ടികജാതി വിഭാഗത്തില്‍ 9022 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 1942 പേരും ഉള്‍പ്പെടുന്നു. 119.3 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീര്‍ണം. വിഭജിക്കപ്പെടുന്നതോടെ എരുമേലിയുടെയും കിഴക്കന്‍ മേഖലയുടെയും വികസന പോരായ്മകള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

RELATED STORIES

Share it
Top