എരുമേലി കെഎസ്ആര്‍ടിസിക്ക് ഒരു ലക്ഷത്തിന്റെ അധിക വരുമാനം

എരുമേലി: സ്വകാര്യബസ് സമരം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ എരുമേലിയിലെ കെഎസ്ആര്‍ടിസി സെന്ററിന് ചരിത്രത്തിലില്ലാത്ത ലാഭം. സമരം തുടങ്ങിയ ആദ്യ ദിനത്തില്‍ നാല് ലക്ഷത്തോളം രൂപയായിരുന്നു സെന്ററിന് ലഭിച്ച വരുമാനം.
കൃത്യമായി പറഞ്ഞാല്‍ 382656രൂപ. മറ്റ് ദിവസങ്ങളിലെ വരുമാനത്തേക്കാള്‍ ഒരു ലക്ഷത്തില്‍ പരം രൂപയുടെ വര്‍ധനവുണ്ടെന്ന് സെന്റര്‍ ചാര്‍ജ് ഓഫിസര്‍ പറഞ്ഞു. സമരത്തിന്റെ  രണ്ടാം ദിനമായ ഇന്നലെ  വരുമാനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടായെന്ന് ഏകദേശ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വീസുകള്‍ പൂര്‍ണമാകുന്നതോടെ വരുമാനത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാകും. മുഴുവന്‍ ബസ്സുകളും രണ്ട് ദിവസവും സര്‍വീസ് നടത്തി. 31 ബസുകളാണ് സെന്ററിനുള്ളത്. 31 ബസുകളും ഓടിച്ചെന്ന് മാത്രമല്ല മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാ ക്ലേശം രൂക്ഷമായ അവസ്ഥയുണ്ടായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മലയോര മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അധികമായി ഏര്‍പ്പെടുത്തിയിരുന്നു. ദീര്‍ഘദൂര സര്‍വീസുകളെല്ലാം മികച്ച കലക്ഷനിലാണ് സര്‍വീസ് നടത്തുന്നത്. തകരാറുകള്‍ പരിഹരിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാത്രിയും പകലും മെക്കാനിക്കല്‍ വിഭാഗവും മൊബൈല്‍ റിപ്പയറിങ് യൂനിറ്റും സജീവമാണ്. പാര്‍ട്‌സുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ജീവനക്കാരോട് അവധിയെടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സമരം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുമ്പോള്‍ കെഎസ്ആര്‍ടിസി യെ സംബന്ധിച്ച് വീണു കിട്ടിയ പിടിവള്ളി പോലെയായിരിക്കുകയാണ്. പെന്‍ഷന്‍ മാത്രമല്ല ശമ്പളവും നല്‍കാന്‍ കഴിയാതെ നഷ്ടത്തില്‍ മുങ്ങിത്താഴുകയായിരുന്നു കെഎസ്ആര്‍ടിസി. കലക്ഷന്‍ വര്‍ധനവിലൂടെ  ഈ പ്രതിസന്ധിയെ മറികടക്കാന്‍ കെഎസ്ആര്‍ടിസിക്ക് വീണ് കിട്ടിയ അവസരമായി മാറിയിരിക്കുകയാണ് സ്വകാര്യ ബസ് സമരം.

RELATED STORIES

Share it
Top