എരുമേലി എംഇഎസ് കോളജില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ സംഘട്ടനം; ഏഴ് പേര്‍ക്ക് പരിക്ക്എരുമേലി: എരുമേലി എംഇഎസ് കോളജില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ സംഘട്ടനം. ഇന്നലെ ഉച്ച കഴിഞ്ഞ് എരുമേലി എംഇഎസ് കോളജിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി നടന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്തു നിന്നുമുള്ള എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായെത്തി മറു വിഭാഗത്തിലുള്ളവരെ മര്‍ദ്ദിച്ചതിനിടെ കൂടി നിന്ന വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു.
എസ്എഫ്‌ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം പരിഹരിച്ച തര്‍ക്കമാണ് ഇന്നലെ കൂട്ടയടിയില്‍ കലാശിച്ചത്. ചിലര്‍ കമ്പിവടി ഉള്‍പ്പടെ ആയുധങ്ങളുമായാണ് എത്തിയത്. പോലിസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. ഇവര്‍ മുക്കൂട്ടുതറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്ത പോലിസ് അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കുമെന്ന് അറിയിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബൈക്കില്‍ കാംപസില്‍ സഞ്ചരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തതിനെ ചൊല്ലി കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരെയും നേതാക്കള്‍ അനുനയിപ്പിച്ചെങ്കിലും നേതാക്കള്‍ക്കെതിരെ ചിലര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇന്നലെ സംഘട്ടനമുണ്ടായതെന്ന് പറയുന്നു. സ്ഥലത്തെത്തിയ പോലിസ് കോളജ് പരിസരത്ത് ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

RELATED STORIES

Share it
Top