എരുമേലിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; മൂന്നുപേര്‍ അറസ്റ്റില്‍

എരുമേലി: പുതുവല്‍സരാഘോഷരാത്രിയില്‍ എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്കു കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ചരള എട്ടുവീട്ടില്‍ ഷഹനാസ് (27), ആറ്റാത്തറ മുനീര്‍ (28) എന്നിവരാണ് പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നത്. കരിങ്കല്ലുമ്മുഴി സ്വദേശി ഗോകുല്‍ (26), അനുജനായ രാഹുല്‍ (23), സുഹൃത്ത് അരവിന്ദ് (24) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരേ വധശ്രമത്തിനാണു കേസ്. തെരുവില്‍ സംഘട്ടനം നടത്തി മടങ്ങിയ യുവാക്കള്‍ മാരകായുധങ്ങളുമായി വീണ്ടുമെത്തി ഏറ്റുമുട്ടുകയായിരുന്നെന്നു പോലിസ് പറയുന്നു. മുക്കൂട്ടുതറയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗത്തിലുമുളള യുവാക്കള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അറസ്റ്റ് ഇനിയുമുണ്ടാവുമെന്നും പോലിസ് അറിയിച്ചു. മണിമല സിഐ ടി ഡി സുനില്‍കുമാര്‍, എസ്‌ഐ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

RELATED STORIES

Share it
Top