എരുമേലിയില്‍ ബസ് സ്റ്റാന്‍ഡുകളും ടാക്‌സി സ്റ്റാന്‍ഡും ഒന്നിച്ചാക്കാന്‍ പദ്ധതി

എരുമേലി: കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളും ടാക്‌സി സ്റ്റാന്‍ഡും എരുമേലിയില്‍ ഒന്നിച്ചാക്കാനും മുക്കൂട്ടുതറയില്‍ ബസ് സ്റ്റാന്‍ഡിനായി സ്ഥലം വാങ്ങാനും ഏരുമേലി ഗ്രാമപ്പഞ്ചായത്ത് ബജറ്റില്‍ പ്രത്യേക പദ്ധതി. ഒപ്പം മുക്കൂട്ടുതറയില്‍ ഷോപ്പിങ് കോപ്ലക്‌സ് പൊളിച്ചു ബഹുനില കെട്ടിടം നിര്‍മിക്കാനും പദ്ധതി. വൈസ് പ്രസിഡന്റ് ഗിരിജാ സഹദേവന്‍ അവതരിപ്പിച്ച ബജറ്റിലാണു വികസന പ്രതീക്ഷ നിറഞ്ഞ വ്യത്യസ്തമായ നിരവധി പദ്ധതികള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബജറ്റ് അവതരണം ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്നു.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള പഴയതാവളം മൈതാനം വില നല്‍കി വാങ്ങിയ ശേഷം ബസ് സ്റ്റാന്‍ഡുകളും ടാക്‌സി സ്റ്റാന്‍ഡും ഇവിടെ ആരംഭിക്കാനാണു ശ്രമമെന്ന് പ്രസിഡന്റ്് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ സ്ഥലം വാങ്ങാന്‍ 15 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ഒപ്പം മുക്കൂട്ടുതറയില്‍ ബസ് സ്റ്റാന്‍ഡിനായി 50 സെന്റ് സ്ഥലം വാങ്ങും. മുക്കൂട്ടുതറയിലെ പഴക്കം ചെന്ന ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റി രണ്ടു കോടി രൂപ ചെലവിട്ട് പുതിയ ബഹുനില മന്ദിരവും ശൗചാലയങ്ങളും നിര്‍മിക്കും.
മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കും. നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇത്. കമുകിന്‍കുഴിയിലെ ആധുനിക അറവുശാല, പൊതു ശ്മശാനം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ചെമ്പകപ്പാറയിലെ വൃദ്ധസദനം, പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നു കാര്‍ഷിക വിജ്ഞാന കേന്ദ്രം എന്നിവയാണ് മുടങ്ങിയ പദ്ധതികള്‍. അറവുശാലയിലെ യന്ത്രങ്ങള്‍ നവീകരിക്കുന്ന ജോലികള്‍ നിര്‍മാണം നടത്തിയ സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിന് കരാര്‍ നല്‍കിയിട്ടുണ്ട്.
പൊതുശ്മശാനത്തിന്റെ നിര്‍മാണം ചേര്‍ത്തല ആസ്ഥാനമായതും സര്‍ക്കാര്‍ ഏജന്‍സിയുമായ സില്‍ക്കിനു കൈമാറി. സംസ്‌കരണ പ്ലാന്റും ശ്മശാനവും 82 ലക്ഷം ചെലവിട്ട് മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വൃദ്ധസദനം നിര്‍മിച്ച കരാറുകാരനു കോടതിയില്‍ അദാലത്ത് മുഖേനെ തുക നല്‍കി. കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സില്‍ക്കിനു കരാര്‍ നല്‍കി. ഓരുങ്കല്‍ കടവില്‍ വിട്ടുകിട്ടിയ ഒന്നര ഏക്കറോളമുള്ള പുറമ്പോക്കു ഭൂമിയില്‍ 27 സെന്റ് സ്ഥലം ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ വിട്ടുകൊടുത്തിട്ടുണ്ട്. എട്ടു സെന്റ് സ്ഥലം എക്‌സൈസ് ഓഫിസിനു നല്‍കി. രണ്ടിനും എംഎല്‍എ ഫണ്ടില്‍ കെട്ടിടം നിര്‍മിക്കും. അവശേഷിച്ച സ്ഥലത്ത് ടൗണ്‍ഹാളും ശുചിത്വ സമുച്ചയവും നിര്‍മിക്കും. ലൈഫ് പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും സ്ഥലവും വീടും നല്‍കും. മുട്ടപ്പള്ളി സബ് സെന്റര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ കെട്ടിടം നിര്‍മിക്കും.
സൗത്ത് വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥലങ്ങളില്‍ പ്രത്യേകമായി കുടിവെള്ള പദ്ധതി നടപ്പാക്കും.
36. 82 കോടി വരവും 36.40 കോടി ചെലവും 42 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്കും ഭേദഗതികള്‍ക്കും ബജറ്റ് അംഗീകരിക്കാനുമായി 19ന് കമ്മിറ്റി ചേരും. ബജറ്റ് അവതരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുല്‍ കെരിം, സെക്രട്ടറി പി എ നൗഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top