എയ്‌റോ ബ്രിഡ്ജുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കാനുള്ള എയ്‌റോ ബ്രിഡ്ജുകള്‍ നീണ്ട 53 ദിവസത്തെ യാത്രയ്ക്ക് ശേഷം പദ്ധതിപ്രദേശത്ത് എത്തിച്ചു. ഇന്നലെ രാവിലെ ആറോടെ ഏച്ചൂരില്‍നിന്ന് മട്ടന്നൂരിലേക്ക് പുറപ്പെട്ട നാല് കൂറ്റന്‍ ട്രക്കുകള്‍ വൈകീട്ട് നാലോടെയാണ് വിമാനത്താവളത്തില്‍ എത്തിയത്.
25ന് രാവിലെ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ കൊണ്ടുവന്ന എയ്‌റോ ബ്രിഡ്ജുകള്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ നടാല്‍ ബൈപാസിലും രാത്രി ഏച്ചൂരിലും എത്തിച്ചിരുന്നു. കണ്ടെയ്‌നര്‍ ലോറിയുടെ നീളം കാരണം കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടില്‍ ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വാഹനങ്ങള്‍ പോക്കറ്റ് റോഡുകളിലൂടെ വഴിതിരിച്ചുവിട്ടു.
ചിലയിടങ്ങളില്‍ കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതിലൈന്‍ അഴിച്ചുമാറ്റി ട്രക്കിന് കടന്നുപോവാന്‍ സൗകര്യമൊരുക്കി. ഇതിനുശേഷം വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. ഇടുങ്ങിയ റോഡുള്ള കാഞ്ഞിരോട് ടൗണില്‍ അല്‍പസമയം കണ്ടെയ്‌നര്‍ കുടുങ്ങിയെങ്കിലും പോലിസ് ഇടപെട്ട് തടസ്സം നീക്കി.
ചക്കരക്കല്‍, മട്ടന്നൂര്‍ പോലിസിന്റെ സഹായത്തോടെയായിരുന്നു നടപടികള്‍. രാവിലെ 10ഓടെ ഇരു ട്രക്കുകളും ചാലോട് ടൗണിലെത്തി. മെയ് ഏഴിന് ചെന്നൈയില്‍ നിന്നാണ് കൂറ്റന്‍ കണ്ടെയ്‌നറില്‍ എയ്‌റോ ബ്രിഡ്ജുകള്‍ പുറപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പ് മൂന്നെണ്ണം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ആദ്യം കൊച്ചിയിലും പിന്നീട് അഴീക്കല്‍ തുറമുഖത്തും എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് കൊണ്ടുവന്നത്. എന്നാല്‍, അഴീക്കല്‍ തുറമുഖം വഴി വലിയ യന്ത്രസാമഗ്രികള്‍ എത്തിക്കുന്നത് പ്രയാസകരമായതിനാല്‍ ചെന്നൈ തുറമുഖത്തേക്കാണ് കൊണ്ടുവന്നത്.

RELATED STORIES

Share it
Top