എയ്യന്‍കല്ലില്‍ വീണ്ടും ക്വാറിക്ക് അനുമതി; തോടിന്റെ ദിശ മാറ്റി

ചെറുപുഴ: മലയോരത്ത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതി തുടരവെ ജനങ്ങള്‍ക്കും പ്രകൃതിക്കും ഭീഷണിയായി എയ്യന്‍കല്ലില്‍ കരിങ്കല്‍ ക്വാറിക്ക് ചെറുപുഴ പഞ്ചായത്ത് വീണ്ടും അനുമതി നല്‍കി. നാട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 50 ഏക്കറോളം സ്ഥലത്താണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്കു മുമ്പ് കല്ലുവീഴ്ച ഉള്‍പ്പെടെ നാടിന് ദുരിതം വിതച്ച ക്വാറി നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. തിരുമേനി വില്ലേജില്‍പ്പെട്ട സ്ഥലത്താണ് ക്വാറി സ്ഥിതിചെയ്യുന്നത്.
ഈ വില്ലേജില്‍ പലയിടത്തും പൈപിങ് പ്രതിഭാസം ഉള്ളതിനാല്‍ പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന നിര്‍മാണപ്രവൃത്തികള്‍ റവന്യൂ വകുപ്പ് നിരോധിച്ചിരുന്നു. ഇതു നിലനിലനില്‍ക്കെയാണ് ക്വാറിക്ക് വീണ്ടും പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത്. അതിനിടെ, പുതിയ ക്വാറിയുടെ പ്രവര്‍ത്തന സൗകര്യത്തിനായി ക്വാറി നടത്തിപ്പുകാര്‍ പ്രദേശത്തെ മന്നപ്പന്‍ തോട് നികത്തി. പഴയ തോട് കരിങ്കല്‍ഭിത്തി കൊണ്ട് കൊട്ടിയടക്കുകയും സമീപം പുതിയ തോട് നിര്‍മിച്ച് ജലപ്രവാഹത്തിന്റെ ദിശമാറ്റുകയും ചെയ്തു. ചെറുപുഴ പുഴയുടെ പ്രധാന കൈവഴികളിലൊന്നാണ് മന്നപ്പന്‍ തോട്. ഈ തോടിനെ ആശ്രയിച്ച് നിരവധി  ചെറു കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ട്. പ്രാപ്പൊയില്‍, മുളപ്ര, മുളപ്ര തൂക്കുപാലം, പാണ്ടിക്കടവ് എന്നീ തടയണകളിലേക്ക് ഇവിടെനിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്. തോടിന്റെ ദിശ മാറ്റിയതോടെ മേഖലയില്‍ വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമാവും.

RELATED STORIES

Share it
Top