എയ്ഡ്‌സ് രോഗി അലഞ്ഞുതിരിയുന്നതായി പരാതി

തലശ്ശേരി: എച്ച്‌ഐവി ബാധിതനെന്ന് ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ കണ്ടെത്തിയ 45 വയസ്സുകാരന്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സാമൂഹിക ക്ഷേമ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നാലുമാസം മുമ്പാണ് മറ്റു അസുഖ ബാധയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയത്. തീര്‍ത്തും അനാരോഗ്യവാനായ ഇയാള്‍ക്കു സാമൂഹിക പ്രവര്‍ത്തകന്‍ ബാബു പാറാലാണ് ഭക്ഷണവും മരുന്നും നല്‍കിയിരുന്നത്. ആരോഗ്യം നേരിയ തോതില്‍ വീണ്ടുകിട്ടിയ ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ തലശ്ശേരിയിലുള്ള വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള ഇഞ്ചക്്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് കുറിച്ച് നല്‍കിയിരുന്നു. എന്നാല്‍ മരുന്ന് കൃത്യമായി കഴിക്കാതെ അവശത വര്‍ധിച്ച ഇയാളെ സ്വന്തം വീട്ടുകാര്‍ ഒഴിവാക്കിയെന്നാണു പരാതി. തുടര്‍ന്ന് നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധരുടെ താവളത്തിലെ സ്ഥിരാംഗമായി. മദ്യവും മയക്കുമരുന്നും മറ്റു ലഹരി ഉല്‍പ്പന്നങ്ങളും പതിവായി ഉപയോഗിക്കുന്നവരുടെ താവളത്തിലെത്തിയ ഇയാള്‍ ഇവരുമായും ഇത്തരം ഉല്‍പ്പന്നങ്ങള്‍ പങ്കുവച്ച് ഉപയോഗിക്കുന്നതും പതിവാണ്. കേന്ദ്രത്തില്‍ സ്ത്രീകളും അലഞ്ഞു തിരിയുന്ന കുട്ടികളും എത്താറുണ്ടെന്നും പരിസരവാസികള്‍ പറയുന്നു. ഇതെല്ലാം അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് വഴിവയ്ക്കുമെന്ന് അറിഞ്ഞിട്ടും സാമൂഹിക ക്ഷേമ വകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. തീര്‍ത്തും അവശനായ ഇയാളുടെ കൈകളില്‍ വ്രണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എച്ച്‌ഐവി ബാധിതരെ പുനരധിവസിപ്പിക്കാനുള്ള നാലോളം കേന്ദ്രങ്ങളില്‍ ഇയാളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബാബു പാറാല്‍ ശ്രമിച്ചെങ്കിലും സ്ഥാപനങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചെന്നും ആരേപണമുണ്ട്.

RELATED STORIES

Share it
Top