എയ്ഡ്‌സ് മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് മരിച്ചത് 69,000 പേര്‍

ന്യൂഡല്‍ഹി: എയ്ഡ്‌സ് സംബന്ധമായ രോഗങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 69,000ലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2017ല്‍ എയ്ഡ്‌സ് സംബന്ധമായ രോഗങ്ങള്‍ മൂലം രാജ്യത്ത് 69,011 പേരാണു മരിച്ചത്.
കഴിഞ്ഞ വര്‍ഷം 21 ലക്ഷം പേരാണ് എയ്ഡ്‌സ് ബാധിതരായി രാജ്യത്ത് ജീവിച്ചിരുന്നതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 3.30 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ എയ്ഡ്‌സ് ബാധിതരായിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം എയ്ഡ്‌സ് രോഗികളുടെ 15 ശതമാനം മഹാരാഷ്ട്രയിലാണ്. 2.70 ലക്ഷം എയ്ഡ്‌സ് രോഗികളുള്ള ആന്ധ്രപ്രദേശാണ് രണ്ടാംസ്ഥാനത്ത്. 2.40 ലക്ഷം എയ്ഡ്‌സ് ബാധിതരുള്ള കര്‍ണാടകയാണ് തൊട്ടുപിറകില്‍. തെലങ്കാനയില്‍ 2.04 ലക്ഷം എയ്ഡ്‌സ് ബാധിതരാണുള്ളത്. രാജ്യത്തെ മൊത്തം എയ്ഡ്‌സ് ബാധിതരുടെ 10 ശതമാനം വീതം ബിഹാറിലും പശ്ചിമ ബംഗാളിലുമാണ്.
എയ്ഡ്‌സ് ബാധിതരായ 22,677 സ്ത്രീകളാണ് 2017ല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതിലും മഹാരാഷ്ട്രയാണു മുന്നില്‍. തൊട്ടുപിന്നാലെ യഥാക്രമം ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍. 2010 നെ അപേക്ഷിച്ച് 2017ല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top