എയ്ഡഡ് മേഖലയിലെ പ്രതിസന്ധി - സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കണം: എന്‍എസ്എസ്‌കോട്ടയം: എയ്ഡഡ് മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പൊതുവിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 12,615 സ്‌കൂളുകളില്‍ 7,145 എണ്ണം എയ്ഡഡ് മേഖലയിലാണ്. ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ 5 വര്‍ഷങ്ങളായി ഏറെ പ്രതിസന്ധിയിലാണ്. ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇതിനു കാരണം. വിദ്യാഭ്യാസ അവകാശനിയമം 2009ല്‍ നിലവില്‍വന്നതിനുശേഷം അതു നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച തത്ത്വദീക്ഷയില്ലാത്ത ചില തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്ക്കു കാരണം. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുതകുന്ന എയ്ഡഡ് വിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് എത്രയുംവേഗം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികപ്രശ്‌നത്തിന്റെ പേരില്‍ 2011 മുതല്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നല്‍കാതെ 2015-16 വര്‍ഷം സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് നല്‍കുകയുണ്ടായി. അതിന്റെ ഫലമായി പുതിയ ഒഴിവുകളില്‍ അധ്യാപകനിയമനം നടക്കാതായി. നടത്തിയാല്‍ത്തന്നെ അംഗീകാരം ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. ഇതു കുട്ടികളുടെ പഠനത്തെയും സ്‌കൂളുകളുടെ നിലനില്‍പിനെയും ദോഷകരമായി ബാധിച്ചെന്നും എന്‍എസ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top