എയ്ഡഡ് മേഖലയിലെ നിയമനം പിഎസ്‌സി മുഖേനയാക്കണം : നിയമസഭാ ഉപസമിതി ശുപാര്‍ശതിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എല്ലാ നിയമനങ്ങള്‍ക്കും  പൊതുനിയമം ബാധകമാക്കുന്നതിനായി നിയമനങ്ങള്‍ പിഎസ്‌സി മുഖേനയാക്കണമെന്ന് നിയമസഭാ സബ് കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെ സംവരണതത്ത്വം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ഥിരം സംവിധാനം ആവശ്യമാണ്. ടി വി രാജേഷ് അധ്യക്ഷനായ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ ശുപാര്‍ശകളടങ്ങിയ ആദ്യ റിപോര്‍ട്ട് ഇന്നലെ സഭയില്‍ വച്ചു. സര്‍ക്കാര്‍ സ്‌കൂളിലേതുപോലെ എയ്ഡഡ് സ്‌കൂളുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. പ്രമോഷന്‍ തസ്തികകളായ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നീ ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം ഉറപ്പുവരുത്തണം. മൈനോറിറ്റി സ്റ്റാറ്റസുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീനിയോറിറ്റി, യോഗ്യത എന്നീ പൊതുമാനദണ്ഡങ്ങള്‍ പാലിച്ചു നിയമനങ്ങള്‍, സ്ഥാനക്കയറ്റം എന്നിവ നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനധ്യാപക തസ്തികകള്‍ നാമമാത്രമായതിനാല്‍ മികച്ച പ്രവര്‍ത്തനത്തിന് സഹായകരമാവുന്ന രീതിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് സംവരണപ്രകാരം നിയമനം നടത്തണമെന്നും ശുപാര്‍ശയുണ്ട്.

RELATED STORIES

Share it
Top