എയിംസില്‍ നിന്നു മാറ്റാനുള്ള നീക്കം ഗൂഢാലോചന: ലാലുപ്രസാദ് യാദവ് ; ആശുപത്രിക്കു മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: അസുഖം കുറഞ്ഞെന്നു പറഞ്ഞു ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്നു തന്നെ പെട്ടെന്നു മാറ്റാനുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാ—ദ് യാദവ്. ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികില്‍സയില്‍ കഴിയുന്ന ആര്‍ജെഡി അധ്യക്ഷന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇനി റാഞ്ചി മെഡിക്കല്‍ കോളജിലേക്ക് പോവാമെന്നുമാണ് ഇന്നലെ എയിംസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, തന്നെ പെട്ടെന്നു എയിംസില്‍ നിന്നു മാറ്റാനുള്ള നീക്കം ഗൂഢാലോചന പ്രകാരമാണെന്നാണു ലാലുവിന്റെ ആരോപണം. ലാലു പ്രസാദിനെ എയിംസില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് റാഞ്ചിയിലേക്കു മാറ്റാന്‍ ഒരുങ്ങുന്നതിനിടെ ആര്‍ജെഡി പ്രവര്‍ത്തകര്‍ ആശൂപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചാണു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ ആശുപത്രിയിലെ ചില്ലു വാതില്‍ തകര്‍ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്‌തെന്ന് എയിംസ് അധികൃതര്‍ ആരോപിക്കുന്നു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദിനെ, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു മാര്‍ച്ച് 29നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ആറു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണു ലാലുവിന്റെ ചികില്‍സയ്ക്കായി നിയോഗിച്ചത്. എയിംസ് അധികൃതര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണു ലാലുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതെന്നും തുടര്‍ ചികില്‍സകള്‍ക്കായി റാഞ്ചി മെഡിക്കല്‍ കോളജിലേക്ക് പോവാമെന്നും അറിയിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിനു തൊട്ടുപിന്നാലെ ഇതു തന്നോടുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണു ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ലാലു വ്യക്തമാക്കി. ഒരു തരത്തിലുമുള്ള ചികില്‍സാ സൗകര്യങ്ങളുമില്ലാത്ത സ്ഥലത്തേക്കാണു തന്നെ മാറ്റുന്നതെന്നും ലാലു പറഞ്ഞു.    കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണു ലാലു പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പുറെമ ശരീരത്തില്‍ ക്രിയാറ്റിന്‍ ലെവല്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു ലാലുവിനെ ആദ്യം റാഞ്ചി മെഡിക്കല്‍ കോളജിലും പിന്നീട് എയിംസിലും പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തന്റെ ആരോഗ്യാവസ്ഥ ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ലാലു എയിംസ് അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. റാഞ്ചി ആശുപത്രിയിലേക്കു ചികില്‍സ മാറുന്നതില്‍ താല്‍പര്യമില്ലെന്നും അവിടെ സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണു ലാലു കത്തില്‍ പറയുന്നത്.
ലാലുവിനെ എയിംസില്‍ നിന്നു മാറ്റാന്‍ ഇത്രമേല്‍ സമ്മര്‍ദം ചെലുത്തുന്നത് ആരാണെന്ന് അദ്ദേഹത്തിന്റ മകന്‍ തേജസ്വി യാദവും ചോദ്യമുന്നയിച്ചു. അദ്ദേഹത്തെ റാഞ്ചിയിലേക്കു മാറ്റുന്നതു തിടുക്കത്തില്‍ എടുത്ത തീരുമാനമാണ്. ഇത്ര പെട്ടെന്ന് ആശുപത്രിയില്‍ നിന്നു മാറ്റുന്നതിന്റെ പിന്നിലുള്ള കാരണം എയിംസ് അധികൃതര്‍ക്കു മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂവെന്നും തേജസ്വി പറഞ്ഞു. എയിംസ് അധികൃതര്‍ സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദത്തിലാണെന്നും ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആര്‍ജെഡി എംപി ജയ്പ്രകാശ് നാരായണനും പറഞ്ഞു. അതേസമയം, എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ലാലു പ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top