എയര്‍ ഹോസ്റ്റസ് ടെറസില്‍ നിന്ന് ചാടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: വനിതാ എയര്‍ ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്നു ചാടി മരിച്ച നിലയില്‍. 32കാരിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരി അനിസിയ ബത്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ്ഖാസില്‍ പഞ്ചശീല്‍ പാര്‍ക്കിനു സമീപത്തെ വീടിന്റെ ടെറസില്‍ നിന്നാണു ചാടിയത്. വെള്ളിയാഴ്ചയാണു സംഭവം.
അതേസമയം, സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. അനിസിയയെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മായങ്ക് സിങ്‌വിക്കെതിരേ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലിസില്‍ പരാതിപ്പെട്ടിരുന്നു.
ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനൊടുക്കുകയാണെന്ന സന്ദേശം അയച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അതേസമയം, പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും മായങ്ക് വ്യക്തമാക്കി. ഗുഡ്ഗാവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് ഭര്‍ത്താവ്. മായങ്കിനെയും വീട്ടുകാരെയും പോലിസ് ചോദ്യംചെയ്തുവരുകയാണ്. അതേസമയം, മരണത്തിനു മുമ്പ് സഹോദരി തനിക്കു സന്ദേശം അയച്ചിരുന്നുവെന്ന് അനിസിയുടെ സഹോദരന്‍ കരണ്‍ ബത്ര പറയുന്നു. മായങ്ക് തന്നെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും പോലിസിനെ വിളിക്കാനുമായിരുന്നു സന്ദേശം.

RELATED STORIES

Share it
Top