എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം: ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു കേന്ദ്രം

ന്യുഡല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഈ വര്‍ഷം അവസാനത്തോടെ പൂ ര്‍ത്തിയാക്കുമെന്നു കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. ജൂണോടെ  എയര്‍ ഇന്ത്യ സ്വന്തമാക്കുന്ന കമ്പനി ഏതാണെന്ന് അറിയാനാവും. നാല് വ്യത്യസ്ത കമ്പനികള്‍ക്കായി എയര്‍ ഇന്ത്യയെ വില്‍ക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ കമ്പനികള്‍ക്ക് 51 ശതമാനം വരെ ഓഹരി പങ്കാളിത്തം നേടാനാവും.കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഏതാനും ആഴ്ചകള്‍ക്കകം ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ഏതൊക്കെ സ്വത്തുക്കളാണു സ്വകാര്യവല്‍ക്കരിക്കുന്നത്, സര്‍ക്കാര്‍ മേഖലയില്‍ എത്ര ശതമാനം ഓഹരിയുണ്ടാവും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള രേഖ ഉടന്‍ പുറത്തിറക്കും. എയര്‍ ഇന്ത്യക്ക് അനുയോജ്യരായ ബിഡര്‍മാരെ ജൂണ്‍ അവസാനത്തോടെ ലഭിക്കുമെന്നാണു കരുതുന്നതെന്ന് ജയന്ത് പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാവും. ഓഹരി വില്‍പന സംബന്ധിച്ച എല്ലാ നിയമ നടപടികളും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. കഴിഞ്ഞ വര്‍ഷമാണ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് ഓഹരി വില്‍പനയ്ക്കു നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top