എയര്‍ ഇന്ത്യ ദുരന്തം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണം: ട്രൂഡോ

ടൊറന്റോ: എയര്‍ ഇന്ത്യ വിമാനം പൊട്ടിത്തെറിച്ച് 329 പേര്‍ കൊല്ലപ്പെട്ട ദുരന്തം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണമാണെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖവും നഷ്ടവും ഒരിക്കലും മാറുന്നതല്ലെന്നും അവരുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1985 ജൂണ്‍ 23നാണ് എയര്‍ ഇന്ത്യ വിമാനം ഐറിഷ് തീരത്ത് 9000 മീറ്റര്‍ മുകളില്‍ വച്ചു പൊട്ടിത്തെറിച്ചത്. മോണ്‍ട്രിയലില്‍ നിന്നു ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോവുമ്പോഴായിരുന്നു ദുരന്തം. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 329 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ അയര്‍ലന്‍ഡിലെ ഷാനോന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നെങ്കിലും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം കോര്‍ക്കിന്റെ തീരത്തുവച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

RELATED STORIES

Share it
Top