എയര്‍ ഇന്ത്യ ഓഹരി വില്‍പനകേന്ദ്രസര്‍ക്കാര്‍ പിന്‍മാറി

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍മാറി. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാമ്പത്തിക സഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധനകാര്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സ്ഥാപനത്തിന്റെ ദൈനംദിന ചെലവിനുള്ള പണം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിറയെ യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നത്. പ്രവര്‍ത്തന ലാഭത്തിലാണു കമ്പനി. നില മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും അവര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മൂന്നാഴ്ചയോളം ഓഹരികള്‍ വില്‍പനയ്ക്കു വച്ചിട്ടും ലേലത്തിനായി ആരും മുന്നോട്ടുവന്നില്ല. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്‍മാറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ഓഹരി വിറ്റഴിക്കല്‍ നടപടിയുമായി മുന്നോട്ടുപോവുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.
അതേസമയം എയര്‍ ഇന്ത്യ ഓഹരി വില്‍പന ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനി വ്യവസായ സ്ഥാപനങ്ങളിലൊന്നായ കോള്‍ ഇന്ത്യയുടെ 78 ശതമാനം ഓഹരികളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഇതില്‍ എത്ര ശതമാനമാണ് വിറ്റഴിക്കുക എന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച റിപോര്‍ട്ടുകളില്‍ പറയുന്നു.

RELATED STORIES

Share it
Top