എയര്‍ അറേബ്യ മൃതദേഹങ്ങള്‍ക്ക് സൗജന്യ നിരക്ക് ഏര്‍പ്പെടുത്തി

ദുബയ്: യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് എയര്‍ അറേബ്യ 1,100 ദിര്‍ഹമാക്കി കുറച്ചു. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ 3,000 ദിര്‍ഹം വരെ ചുമത്തിയിരുന്ന നിരക്കാണ് 1,100 ദിര്‍ഹമായി കുറഞ്ഞിരിക്കുന്നത്. തൂക്കത്തിന് പകരം നിരക്ക് ഈടാക്കിയിരുന്ന രീതിക്ക് പകരം ഇനി ഒരു മൃതദേഹത്തിന് 1,100 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഈ നിരക്ക് ഉടന്‍ പ്രാബല്യത്തിലായതായി എയര്‍ അറേബ്യ കാര്‍ഗോ സെയില്‍സ് ആന്റ് ഓപറേഷന്‍സ് ഓഫീസര്‍ ഹറിവിഗ് ടാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഈ നിരക്കനുസരിച്ചാണ് ഇന്നലെ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും മൃതദേഹങ്ങള്‍ അയച്ചതെന്ന് നിരക്ക് കുറക്കുന്നതിന് വേണ്ടിയുള്ള അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുമ്പോള്‍ ഭാരം നോക്കി അതിനനുസരിച്ച് നിരക്ക് ഈടാക്കുന്നത് അമാന്യ നടപടിയാണെന്നും ചുരുങ്ങിയ നിരക്ക് മാത്രം ചുമത്തണമെന്നും ആവശ്യപ്പെട്ട് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എയര്‍ അറേബ്യ മാനേജര്‍ രഞ്ജിത്തിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന്, നിരക്ക് 1,400 ദിര്‍ഹമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള എയര്‍ അറേബ്യയുടെ ആദ്യ അറിയിപ്പുണ്ടായി. എന്നാല്‍, വീണ്ടും കുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് പ്രകാരം 1,100 ദിര്‍ഹമാക്കി നിജപ്പെടുത്തി ഇന്നലെ സര്‍ക്കുലര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതായാലും, ഇത്തരമൊരു നല്ല കാര്യം നിര്‍വഹിക്കാനായതില്‍ ആത്മസംതൃപ്തിയുണ്ടെന്നും ഇതിനായി സഹായിച്ച എയര്‍ അറേബ്യ അധികൃതരോട് പ്രത്യേക നന്ദിയുണ്ടെും അഷ്‌റഫ് പറഞ്ഞു.

RELATED STORIES

Share it
Top