എയര്‍സ്ട്രിപ് പദ്ധതിക്ക് ചിറകു മുളയ്ക്കുന്നു; സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിക്കും

കാസര്‍കോട്: ജില്ലയ്‌ക്കൊരു ചെറുവിമാനത്താവളവും ജലവൈദ്യുതപദ്ധതിയും വാഗ്ദാനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. 107,63,32,319 വരവും 100,72,98,211 കോടി രൂപ ചെലവും 6,90,34,108 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ്് വൈസ്പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചത്. ജില്ലയിലൊരു ചെറുവിമാനത്താവളമെന്ന സ്വപ്‌നപദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതിയോടെ പെരിയയിലെ 75 ഏക്കര്‍ റവന്യുസ്ഥലത്ത് നിര്‍ദിഷ്ട എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കും.
ഇതിനായി ഒരു കമ്പനി രൂപീകരിച്ച് സ്വകാര്യനിക്ഷേപകരിലൂടെ ഫണ്ട് സ്വരൂപിച്ച് 30 കോടി അടങ്കല്‍ പ്രതീക്ഷിക്കുന്ന പദ്ധതി സിയാല്‍ (നെടുമ്പാശേരി വിമാനത്താവളം) മാതൃകയില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ സഹായവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബജറ്റ് ആമുഖ പ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ പറഞ്ഞു. പദ്ധതിക്കായി അഞ്ചുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 75 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാന—മാണ്് പദ്ധതിയിലുള്ളത്. കൊച്ചി, തിരുവനന്തപുരം, മംഗളുരു, ഗോവ, മുംബൈ എന്നിവിടങ്ങളിലങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ കഴിയും. ജില്ലയിലെ മലയോരമേഖലയില്‍ നിന്നും കൊച്ചി വഴി മധ്യതിരുവിതാംകൂര്‍ മേഖലയിലേയ്ക്ക് 22 ബസുകള്‍ പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്.
ഇതില്‍ മാത്രം 750 സ്ഥിരംയാത്രക്കാരുണ്ട്. തിരുവന്തപുരത്തേയ്ക്ക് 1700-1800 രൂപയാണ് രൂപയാണ് തേര്‍ഡ് എസി ട്രെയിന്‍ ടിക്കറ്റിന് ചെലവാകുന്നതെങ്കില്‍ വിമാനയാത്രയ്ക്ക് 2200 രൂപയേ ചെലവാകുകയുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ പദ്ധതി ഒട്ടും തന്നെ പ്രായോഗികമല്ലെന്ന് ബജറ്റ് ചര്‍ച്ചാവേളയില്‍ സിപിഎം അംഗം വി പി പി മുസ്തഫ പറഞ്ഞു. 2006ല്‍ ബിആര്‍ഡിസിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. പ്രാഥമിക സര്‍വേ നടത്തിയ സിയാല്‍ ഈ പദ്ധതി പ്രായോഗികമല്ലെന്നു റിപോര്‍ട്ടും നല്‍കിയിരുന്നെന്നും മുസ്തഫ പറഞ്ഞു. ജില്ലാ ആസൂത്രണകമ്മീഷന്‍ തന്നെ പദ്ധതിയെ തള്ളിക്കളയുമെന്ന് ബിജെപി അംഗം കെ ശ്രീകാന്തും പ്രതികരിച്ചു.
എന്നാല്‍ സിയാലിന്റെ സര്‍വേ ടൂറിസത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെയാണ് ഇപ്പോള്‍ പദ്ധതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോടും താന്‍ സംസാരിച്ചിരുന്നു. അദ്ദേഹവും അനുകൂലമായാണ് പ്രതികരിച്ചത്. പദ്ധതിയുടെ ആകെ ചെലവിന്റെ 75 ശതമാനവും ജില്ലയിലെ പ്രവാസിവ്യവസായികളില്‍ നിന്നും സമാഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് പദ്ധതിയെ ലാഭത്തിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂക്ഷമായ ഊര്‍ജപ്രതിസന്ധി നേരിടുന്ന കാസര്‍കോടിന് ആശ്വാസമായി ജില്ലയിലെ ആദ്യ ജലവൈദ്യുതപദ്ധതി രാജപുരം പുളിങ്കൊച്ചി ഒരുങ്ങുന്നു. സംസ്ഥാനസര്‍ക്കാരിന്റെയും സ്വകാര്യസംരഭകരുടെയും വൈദ്യുത വകുപ്പിന്റെയും സാമ്പത്തിക സാങ്കേതിക സഹായത്തോടെ ഇതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതപഠനങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം 65 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഇതു രണ്ടാംതവണയാണ് ഒരു ജില്ലാ പഞ്ചായത്ത് ജലവൈദ്യുതപദ്ധതി ആവിഷ്‌കരിക്കുന്നത്. ബജറ്റിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍: കൃഷിക്കും അനുബന്ധ ജലസേചനസൗകര്യങ്ങള്‍ക്കും രണ്ടുകോടി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.4 കോടി.
ഇതില്‍ ഏറ്റവും പ്രധാനം ചെറുകിട ചെക്ക് ടാമുകള്‍ നിര്‍മിക്കുകയാണ്. കൂടാതെ പുഴകളുടെ സംരക്ഷണം, കിണര്‍ റിചാര്‍ജിങ്, മാതൃക ജലഗ്രാമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കാണ് 3.4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് പ്രത്യേക സംയുക്ത പദ്ധതികള്‍ക്ക് 1.5 കോടി രൂപയോളം നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കായി ഷീ ലോഞ്ച് എന്നപേരില്‍ ശൗചാലയം, വിശ്രമമുറി, മുലയൂട്ടല്‍ കേന്ദ്രം എന്നീ ആരോഗ്യസൗഹൃദകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ലക്ഷ്യമിട്ടുള്ള ജില്ലാതലകര്‍മപദ്ധതിക്ക് 7.55 കോടി. ജന്റര്‍ റിസോഴ്‌സ് സെന്ററിന് അഞ്ചുലക്ഷം.
ഭിന്നലിംഗക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ അഞ്ചുലക്ഷം. ബദിയടുക്കയില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനത്തിനായി ഹാച്ചറി തുടങ്ങാന്‍ 75 ലക്ഷം. ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തതയ്ക്ക് ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 1.4 കോടി. ജില്ലാ ആശുപത്രികളിലെ സീവേജ് ട്രീറ്റ്‌മെന്റ്് പ്ലാന്റുകള്‍ക്ക് 3.3 കോടി. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളേയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രശുചിത്വപദ്ധതിക്ക് 80 ലക്ഷം. കാന്‍സര്‍ വിമുക്ത കാസര്‍കോടിനായി മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിരോധപദ്ധതിക്കായി 15 ലക്ഷം. ലഹരിവിരുദ്ധ പ്രതിരോധപ്രവര്‍ത്തനത്തിന് 1.69 കോടി. വിദ്യാഭ്യാസ ഗുണനിലവാരം ലക്ഷ്യമിട്ട് നാലുകോടിയുടെ പദ്ധതികള്‍.

RELATED STORIES

Share it
Top