എയര്‍സെല്‍ മാക്‌സിസ് കേസ്: പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അനധികൃത ഇടപാട് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ അടുത്തമാസം അഞ്ചു വരെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.
ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. കേസില്‍ അടുത്തമാസം അഞ്ചിന് വിശദമായ വാദം കേള്‍ക്കും. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേള്‍ക്കും. ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാനും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഞ്ചിനു നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ ചിദംബരത്തിന് സമന്‍സ് അയച്ചിട്ടുണ്ട്. ഇതുപ്രകാരം അന്നേദിവസം നേരിട്ടു ഹാജരാവാന്‍ ചിദംബരത്തോട് കോടതി ആവശ്യപ്പെട്ടു. പ്രമുഖ അഭിഭാഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയുമാണ് ചിദംബരത്തിനു വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായത്. സിബിഐക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഹാജരായത്.
2008ല്‍ യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് (എഫ്‌ഐപിബി) വഴി ഐഎന്‍എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് ചിദംബരത്തിനെതിരായ കേസ്. 600 കോടി രൂപയ്ക്കു മുകളിലുള്ള വിദേശ ഇടപാടുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നാണ് ചട്ടം. എന്നാല്‍, 800 കോടി രൂപ വരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. ഇതുസംബന്ധിച്ച സേവനങ്ങള്‍ക്കായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി  ഐഎന്‍എക്‌സില്‍ നിന്ന് രണ്ടുലക്ഷം  ഡോളര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കിയെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്.

RELATED STORIES

Share it
Top