എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരവും മകനും പ്രതി; സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. സിബിഐ ജഡ്ജി ഒ പി സെയ്‌നി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം ജൂലൈ 31ന് പരിഗണിക്കും. കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം ഇപ്പോള്‍ ജാമ്യത്തിലാണ്.
2006ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍-മാക്‌സിസ് ഇടപാടിനും ഐഎന്‍എക്‌സ് മീഡിയക്കും വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാന്‍ ഇടപെട്ടുവെന്നാണ് കേസ്. കേസില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. 600 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാല്‍, 3,500 കോടി രൂപയുടെ എയര്‍സെല്‍-മാക്‌സിസ് ഇടപാടിന് ചിദംബരം അനുമതി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യാന്‍ സിബിഐ ശ്രമിച്ചിരുന്നുവെങ്കിലും മെയ് 30ന് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ജൂലൈ പത്തിന് ചിദംബരം വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നത് ആഗസ്ത് 7 വരെ സുപ്രിംകോടതി വിലക്കി. കേസില്‍ ഫെബ്രുവരി 28ന് കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കകം അദ്ദേഹം ജാമ്യം നേടി പുറത്തുവരുകയും ചെയ്തു. ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനിയില്‍ നിന്ന് കാര്‍ത്തി ചിദംബരം കോഴ കൈപ്പറ്റിയതിനുള്ള വൗച്ചറുകളും മറ്റു രേഖകളും കണ്ടെത്തിയെന്നാണ് സിബിഐ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം മെയിലാണ് കാര്‍ത്തിയെയും ഐഎന്‍എക്‌സ് മീഡിയാ കമ്പനി ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരെയും പ്രതികളാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഐഎന്‍എക്‌സ് മീഡിയാ കമ്പനിയില്‍ നിന്ന് കാര്‍ത്തി ചിദംബരം പത്തുലക്ഷം രൂപ കോഴ വാങ്ങിയെന്നും സിബിഐ ആരോപിക്കുന്നു.

RELATED STORIES

Share it
Top