എയര്‍ടെലിലെ മുസ്‌ലിം ജീവനക്കാരനെതിരേ ഉപഭോക്താവിന്റെ വംശീയ പരാമര്‍ശം; കമ്പനി പ്രതികരിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്‍, അതിന്റെ ജീവനക്കാരനെതിരേ ഉപഭോക്താവ് നടത്തിയ വംശീയ പരാമര്‍ശത്തില്‍ പ്രതികരിച്ചത് അഞ്ച് മണിക്കൂറുകള്‍ക്കു ശേഷം. ഉപഭോക്താക്കളെയോ തൊഴിലാളികളെയോ പങ്കാളികളെയോ തങ്ങള്‍ മതത്തിന്റെയോ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

മാനേജ്‌മെന്റ് പ്രൊഫഷനല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പൂജ സിങ് എന്ന ഉപഭോക്താവാണ് എയര്‍ടെലിലെ മുസ്‌ലിം ജീവനക്കാരനെതിരേ ട്വിറ്ററില്‍ തികച്ചും മതഭ്രാന്ത് നിറഞ്ഞ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ നിരവധി പ്രമുഖര്‍ പ്രതികരണവുമായി എത്തിയതോടെയാണ് ആദ്യം മിണ്ടാതിരുന്ന കമ്പനി പ്രതികരിക്കാന്‍ തയ്യാറായത്. വൈകീട്ട് 3 മണിയോടെയായിരുന്നു പൂജ സിങിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം. കമ്പനിയുടെ പ്രതികരണം വന്നതാകട്ടെ രാത്രി എട്ട് മണിക്കും.

ഉച്ചയ്ക്ക് 12.09നാണ് ട്വിറ്ററില്‍ പൂജ സിങിന്റെ ആദ്യ ട്വീറ്റ് വന്നത്. @pooja303singh എന്ന ഐഡിയില്‍ നിന്നാണ് @airtelindiaക്ക് ട്വിറ്റര്‍ വഴി പരാതി നല്‍കിയത്. എയര്‍ടെലിന്റെ ഡിഎച്ച്ടി സര്‍വീസ് റീഇന്‍സ്റ്റാള്‍ ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍, സെര്‍വീസ് എന്‍ജീനീയര്‍ തന്നോട് മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. എയര്‍ടെല്‍ അതിന്റെ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും പൂജ സിങിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്ു.

ഇതിനോട് 12.18ന് എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് ഷുഹൈബ് പ്രതികരിച്ചു: നിങ്ങള്‍ ഇവിടെ പരാതി നല്‍കിയതില്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ പരാതി പഠിച്ച ശേഷം അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. നന്ദി, ഷുഹൈബ്'- ഇതായിരുന്നു മറുപടി സന്ദേശം.

2.59ന് ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു പൂജയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: പ്രിയപ്പെട്ട ശുഹൈബ്, നിങ്ങള്‍ ഒരു മുസ്‌ലിമാണെന്നതിനാല്‍ നിങ്ങളുടെ തൊഴില്‍ ധാര്‍മികതയില്‍ എനിക്ക് വിശ്വാസമില്ല. കാരണം ഉപഭോക്തൃ സേവനത്തെക്കുറിച്ച് ഖുര്‍ആന് വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ എന്റെ പരാതി പരിഹരിക്കുന്നതിന് ഒരു ഹിന്ദു പ്രതിനിധിയെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു. നന്ദി'

പൂജയുടെ വിദ്വേഷ പരാമര്‍ശത്തോട് പ്രതികരിക്കുന്നതിന് പകരം, പ്രശ്‌നം പരഹരിക്കുന്നതിന് ഗാങ്‌ജോത് എന്ന് പേരുള്ള ഒരു ഹിന്ദു പ്രതിനിധിയെ നിയമിക്കുകയാണ് എയര്‍ടെല്‍ ചെയ്തത്.

ഇതിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ട് മാധ്യമ സാമൂഹിക പ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കവിത കൃഷ്ണന്‍, പ്രാതിക് സിന്‍ഹ, വീര്‍ സാങ്‌വി, ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദ്ുല്ല തുടങ്ങിയവര്‍ രംഗത്തെത്തി. എയര്‍ടെല്‍ ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ തങ്ങള്‍ കമ്പനിയുടെ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി പേര്‍ വ്യക്തമാക്കി. ഇതോടെയാണ് എയര്‍ടെല്‍ അഞ്ച് മണിക്കൂറിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയത്. രാത്രി 8.18ന് ആയിരുന്നു ട്വിറ്റര്‍ വഴി എയര്‍ടെലിന്റെ പ്രതികരണം.

പ്രിയപ്പെട്ട പൂജ, എയര്‍ടെലില്‍ ഉപഭോക്താക്കളെയോ, തൊഴിലാളികളെയോ പങ്കാളികളെയോ ഞങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ല. നിങ്ങളും അതേ നിലപാട് തന്നെ അനുവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഷുഹൈബും ഗാങ്‌ജോതും ഞങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിന്റെ ഭാഗമാണ്. സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും ഉപഭോക്താവ് സമീപിക്കുമ്പോള്‍ ആ സമയത്ത് ലഭ്യമായ എക്‌സിക്യൂട്ടീവിനെ ഏല്‍പ്പിക്കുകയാണ് ചെയ്യന്നത്. നിങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാകുന്ന മുറക്ക് നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. നന്ദി-ഹിമാന്‍ഷു, എയര്‍ടെല്‍ റെസ്‌പോണ്‍സ് ടീം ലീഡ്.

അടുത്ത തവണയെങ്കിലും മതഭ്രാന്ത് നിറഞ്ഞ ഉപഭോക്താക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇതിനോട് പ്രതികരിച്ച് കൊണ്ട് കവിത കൃഷ്ണന്‍ പറഞ്ഞു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top