എമിേഗ്രഷന്‍ വിസനടപടികള്‍ ലഘൂകരിച്ചതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

കൊച്ചി: എമിഗ്രേഷന്‍, വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആന്റ് ട്രാക്കിങിനെ കുറിച്ച് (ഐവിഎഫ്ആര്‍ടി) കൊച്ചിയില്‍ നടന്ന പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വര്‍ത്താക്കുറിപ്പിലാണ് വിസ എമിഗ്രേഷന്‍ ചട്ടങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വ്യക്തമാക്കിയത്.
രാജ്യം സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ക്ക് സുഗമവും സുരക്ഷിതവുമായ സാഹചര്യം ഒരുക്കുകയാണ് പ്രാഥമിക ലക്ഷ്യം. വിസ സംബന്ധിച്ച് മന്ത്രാലയത്തില്‍ നിന്നുള്ള സഹായങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യമുണ്ട്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങള്‍ എളുപ്പമാക്കുന്നതിനൊപ്പം സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൂടി ഉറപ്പുവരുത്തിയതിനു ശേഷമാണു പദ്ധതി ആവിഷ്‌കരിക്കുക.
രാജ്യത്ത് നിലവിലുള്ള വിദേശികളുടെ യാത്രകളുള്‍പ്പെടെ നിരീക്ഷണത്തിന് കീഴിലാക്കും. വിദേശികളായ സന്ദര്‍ശകര്‍ക്കിടയില്‍ ഇ-വിസയ്ക്ക് പ്രചാരം വര്‍ധിച്ചുവരികയാണ്. 2015ല്‍ 5,17,417 ഇ-വിസകള്‍ വിതരണം ചെയ്തിടത്ത് 2017ല്‍ 19,01,309 എണ്ണമായി. 2018 ഇതുവരെ 11,16,985 ഇ-വിസകളാണ് വിതരണം ചെയ്തതെന്നും കേന്ദ്രമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇനി വിതരണം ചെയ്യുന്ന ഇ-വിസകളുടെ എണ്ണം പരമ്പരാഗത രീതിയില്‍ നല്‍കുന്ന വിസകളുടെ എണ്ണത്തെ മറികടക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 2014ല്‍ 44 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗവണ്‍മെന്റ് രൂപീകരിച്ച ഇ-ടൂറിസ്റ്റ് വിസ നിലവില്‍ 165 രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇ-വിസ പദ്ധതി നിലവില്‍ വന്നതിനു ശേഷം 90 ശതമാനം അപേക്ഷകളിലും 72 മണിക്കൂറിനകം വിസ അനുവദിക്കാന്‍ സാധിച്ചു. വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യയില്‍ തങ്ങുന്ന വിദേശികള്‍ക്കായി വിസാ കാലാവധി നീട്ടല്‍, വിസാ മാറ്റം, എക്‌സിറ്റ് പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട് വിവരങ്ങളിലുള്ള മാറ്റം എന്നീ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇഎഫ്ആര്‍ആര്‍ഒ സേവനം ഏര്‍പ്പെടുത്തിയതായും രാജ്‌നാഥ് സിങ് അറിയിച്ചു.
ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍, ഹോം സെക്രട്ടറി രാജീവ് ഗൗബ, എംപിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top