എബിഡി കരുത്തില്‍ ബംഗളൂരുവിന് തകര്‍പ്പന്‍ ജയം


ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം.
എ ബി ഡിവില്ലിയേഴ്‌സിന്റെ (57) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ നാല് വിക്കറ്റിനാണ് ബംഗളൂരു വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.2 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരു 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ക്വിന്റന്‍ ഡീകോക്കും (45) ബംഗളൂരു നിരയില്‍ തിളങ്ങി. മന്ദീപ് സിങ് (22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ രണ്ടും അക്‌സര്‍ പട്ടേല്‍, മുജീബുര്‍ റഹ്മാന്‍, ആന്‍ഡ്രേ ടൈ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് കരുത്തായത് കെ എല്‍ രാഹുല്‍ (47), അശ്വിന്‍ (33), കരുണ്‍ നായര്‍ (29) എന്നിവരുടെ ബാറ്റിങാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ ബൗളിങാണ് പഞ്ചാബിനെ തകര്‍ത്തത്. ക്രിസ് വോക്‌സ്, ഖജാറിയ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പിഴുതു. ഉമേഷ് യാദവാണ് കളിയിലെ താരം.

RELATED STORIES

Share it
Top