എഫ്‌സി കേരളയ്ക്ക് തകര്‍പ്പന്‍ ജയം

തൃശൂര്‍: ക്വാര്‍ട്‌സ് എഫ്‌സിയെ 6-1നു തകര്‍ത്ത് ജനങ്ങളുടെ സ്വന്തം ക്ലബ്ബായ എഫ്‌സി കേരള കേരള പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം നേടി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയര്‍ക്കു വേണ്ടി ശ്രേയസ് അഞ്ചു ഗോള്‍ നേടി. ജിതിന്‍ ഒരു ഗോളും നേടി. ജോസഫ് അപ്പിയാണ് ക്വാര്‍ട്‌സ് എഫ്‌സിയുടെ ആശ്വാസഗോള്‍ നേടിയത്.
ആദ്യ വിസില്‍ മുതല്‍ ആക്രമിച്ചുകളിച്ച എഫ്‌സി കേരള മല്‍സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. കോര്‍ണറില്‍ നിന്നു വന്ന പന്തില്‍ നിന്ന് സന്തോഷ്‌ട്രോഫി താരം ജിതിന്‍ കൊടുത്ത ക്രോസ് ശ്രേയസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം എഫ്‌സി കേരള ലീഡ് ഇരട്ടിയാക്കി. വലതുവിങില്‍ നിന്ന് അതിവേഗത്തില്‍ ബോക്‌സിലേക്ക് ഓടിക്കയറിയ ജിതിന്റെ ക്രോസില്‍ നിന്നാണ് ശ്രേയസ് രണ്ടാംഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ വിദേശതാരം ജോസഫിലൂടെ സന്ദര്‍ശകര്‍ ഒരു ഗോള്‍ മടക്കി. പക്ഷേ, അടുത്ത മിനിറ്റില്‍ ഡിഫന്‍ഡര്‍ ഷെബിന്‍ നല്‍കിയ പാസില്‍ നിന്ന് ശ്രേയസ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.
രണ്ടാംപകുതിയുടെ 75ാം മിനിറ്റില്‍ ഗോള്‍കീപ്പറുടെ പിഴവു മുതലെടുത്ത് ശ്രേയസ് നാലാമത്തെ ഗോള്‍ നേടി. കളിതീരാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സഹോദരന്‍ നിതിന്‍ എം എസിന്റെ പാസില്‍നിന്ന് ജിതിന്‍ സ്‌കോര്‍ 5-1 ആക്കി. ഷബിന്‍ വലുതുവിങില്‍ നിന്ന് നല്‍കിയ ക്രോസ് ക്വാര്‍ട്‌സ് ബോക്‌സില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുത്ത് ശ്രേയസ് തന്റെ അഞ്ചാംഗോള്‍ നേടി.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി എഫ്‌സി കേരള മൂന്നാമതാണ്. ടി ജി പുരുഷോത്തമന്‍ പരിശീലിപ്പിക്കുന്ന ടീം അടുത്ത മല്‍സരത്തില്‍ എസ്ബിഐയെ നേരിടും. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ 10നാണു മല്‍സരം.

RELATED STORIES

Share it
Top