എഫ്ബി ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു വരുത്തും സക്കര്‍ബര്‍ഗ്‌

വാഷിങ്ടണ്‍: ഇന്ത്യ, ബ്രസീല്‍, യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഫേസ്ബുക്കിനെ ആരും ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു വരുത്തുമെന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിനു മുന്നില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തേ പുറത്തുവന്ന സക്കര്‍ബര്‍ഗിന്റെ വിശദീകരണ കുറിപ്പിലെ വാചകങ്ങള്‍ അദ്ദേഹം സെനറ്റിനു മുന്നിലും ആവര്‍ത്തിച്ചു. ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല. പിഴവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സക്കര്‍ബര്‍ഗ്  സെനറ്റിനു മുമ്പാകെ പറഞ്ഞു.
റഷ്യയുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരേ കമ്പനി നിരന്തര പോരാട്ടത്തിലാണെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റ് സമിതി അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കു മുന്നിലും സക്കര്‍ബര്‍ഗിന് ഉത്തരം മുട്ടി. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന പ്രത്യേക ഉപദേഷ്ടാവുമായി സഹകരിക്കുന്നുണ്ട്. അദ്ദേഹം ഫെയ്‌സ്ബുക്ക് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ വാര്‍ത്താ പ്രചാരണം, തിരഞ്ഞെടുപ്പുകളിലെ ഇടപെടല്‍ എന്നിവയ്ക്കായി ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിന് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും സുരക്ഷ, ഉള്ളടക്ക വിശകലനം എന്നിവയ്ക്കായി 20,000 ജീവനക്കാരെ നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.

RELATED STORIES

Share it
Top