എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടറെ പുറത്താക്കി

വാഷിങ്ടണ്‍: അനുമതിയില്ലാതെ രേഖകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതായി ആരോപിച്ച് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടറെ യുഎസ് പുറത്താക്കി. എഫ്ബിഐയിലെ രണ്ടാമനായ ആന്‍ഡ്രൂ മക്കാബിനെ വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് പുറത്താക്കിയത്. ഇന്ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥനെ പുറത്താക്കുന്നതായി വെള്ളിയാഴ്ച രാത്രിയോടെയാണ് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ പ്രഖ്യാപനം പുറത്തുവന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് ടപടിയെന്ന് സെഷന്‍സ് പറഞ്ഞു. അന്വേഷണ ഏജന്‍സിയായ എഫ്ബിഐയിലെ അച്ചടക്കം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കുന്ന സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടിയെന്നും സെഷന്‍സ് വ്യക്തമാക്കി.
പുറത്താക്കപ്പെട്ടതിനാല്‍ വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ വലിയൊരു പങ്ക് മക്കാബിന് നഷ്ടമാവും.  പുറത്താക്കലിനെതിരേ മക്കാബ് നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. റഷ്യന്‍ ഇടപെടലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ മക്കാബിന്റെ കടുത്ത നടപടികള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top