എന്‍സിസി, എന്‍എസ്എസ് എന്നിവയെ തകര്‍ക്കാനെന്ന് വിമര്‍ശനം

സൈനിക പരിശീലന
പദ്ധതിയുമായി കേന്ദ്രംന്യൂഡല്‍ഹി: പുതുതലമുറയില്‍ ധൈര്യം, സഹവര്‍ത്തിത്വം, അച്ചടക്കം, ദേശസ്‌നേഹം, മതേതര സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി രൂപംകൊണ്ട എന്‍സിസി, എന്‍എസ്എസ് പദ്ധതികള്‍ക്ക് തുരങ്കംവച്ച് പുതിയ പദ്ധതിയുമായി കേന്ദ്രം. അച്ചടക്കവും ദേശസ്‌നേഹമുള്ളവരുമായി യുവതലമുറയെ വാര്‍ത്തെടുക്കാനെന്ന പേരില്‍ സ്റ്റൈപ്പന്റോട്് കൂടിയ സൈനിക പരിശീലന പദ്ധതിയുമായാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്.
നാഷനല്‍ യൂത്ത് എംപവര്‍മെന്റ് സ്‌കീം എന്ന പേരില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കളെ ദേശസ്‌നേഹികളാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജൂണ്‍ അവസാനയാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയം, യുവജന മനുഷ്യവിഭവശേഷി മന്ത്രാലയം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. സ്റ്റൈപ്പന്റോട് കൂടി 12 മാസത്തെ പരിശീലനമാണു സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
പ്രതിരോധ, പാരാമിലിറ്ററി, പോലിസ് ജോലികള്‍ക്ക് ഈ പരിശീലനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. സൈനിക പരിശീലനത്തിനൊപ്പം വൊക്കേഷനല്‍, ഐടി സ്‌കില്‍, ദുരന്തനിവാരണം എന്നീ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനൊപ്പം തന്നെ യോഗ, ആയുര്‍വേദ, പുരാതന ഇന്ത്യന്‍ തത്ത്വശാസ്ത്രം എന്നിവയിലും ക്ലാസുകളുണ്ടാവും. പദ്ധതിയുടെ നടത്തിപ്പിനായി എന്‍സിസി , എന്‍എസ്എസ് പദ്ധതികളുടെയും എംഎന്‍ആര്‍ഇജിഎ ഫണ്ട്, വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഫണ്ട് എന്നിവ ഉപയോഗിക്കാനാണ് തത്ത്വത്തില്‍ ധാരണയായിരിക്കുന്നത്.
അതേസമയം, ബിജെപിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് പുതുതലമുറയില്‍ അടിച്ചേല്‍പ്പിക്കുക എന്നതാണു പുതിയ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top