എന്‍സിപിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ്സിന് കുതിച്ചുചാട്ടം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: 10 ദ്വീപുകളില്‍ ഈ മാസം 14നു നടന്ന ഗ്രാമ-ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ നിലവില്‍ ജില്ലാ പഞ്ചായത്തും ആറു ദ്വീപുകളും ഭരിച്ചിരുന്ന എന്‍സിപിക്ക് വന്‍ തിരിച്ചടി നേരിട്ടു. ഗ്രൂപ്പ് തര്‍ക്കത്താല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലും ജില്ലാ പഞ്ചായത്തിലും തകര്‍ച്ച നേരിട്ടിരുന്ന കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണു നടത്തിയിരിക്കുന്നത്. അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ദ്വീപുകളില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപിയുടെ മുന്നേറ്റത്തിനായി ഫണ്ട് വാരിവിതറിയെങ്കിലും ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 50 വോട്ട് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല.ദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍ ഗ്രാമപ്പഞ്ചായത്തിലെ 12 സീറ്റുകളില്‍ ആറെണ്ണം കോണ്‍ഗ്രസ്സിനും ആറെണ്ണം എന്‍സിപിക്കുമായി തുല്യ നില പങ്കിട്ടിരിക്കുകയാണ്. ഇതേ രീതിയില്‍ കവരത്തിയിലെ ജില്ലാ പഞ്ചായത്തിലെ നാല് സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസ്സിനും രണ്ടെണ്ണം എന്‍സിപിക്കുമാണ്. ഇന്നലെ രാവിലെ 10മണിക്കു മുമ്പായി മുഴുവന്‍ ഫലങ്ങളും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ ചീഫ് കൗണ്‍സിലറായിരുന്ന എന്‍സിപിയിലെ എ കുഞ്ഞിക്കോയ തങ്ങള്‍ കവരത്തിയിലെ നാലാം ഡിവിഷനില്‍ നിന്നു ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച് തോറ്റ പ്രമുഖ നേതാവാണ്. അഗതി ദ്വീപില്‍ ഒന്നാം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ എന്‍സിപിയിലെ നസീറാണ് പരാജിതരില്‍ മറ്റൊരു പ്രമുഖ നേ താവ്. കവരത്തി ട്രോസിലൂടെ ഗ്രാമപ്പഞ്ചായത്ത് ഭരണം ആര്‍ക്കാണെന്നു തീരുമാനിച്ചു. ബാക്കി 9 ദ്വീപില്‍ ആറെണ്ണം കോണ്‍ഗ്രസ്സിനും മൂന്നെണ്ണം എന്‍സിപിക്കുമാണ്. നാളെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണു സൂചന. എംഎല്‍എമാരോ മുഖ്യമന്ത്രിയോ ഇല്ലാത്ത ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്ത് തലവനായ ചീഫ് കൗണ്‍സിലറെ അടുത്ത മാസം രണ്ടാം വാരത്തില്‍ തിരഞ്ഞെടുക്കും. ആന്ത്രോത്ത് ദ്വീപില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ ജലാലുദ്ദീന്‍കോയയെയാണ് ചീഫ് കൗണ്‍സിലറായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്.  ഇദ്ദേഹം നേരത്തെ ചീഫ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചുവരവോടെ അടുത്ത പാര്‍ലമെന്റ് സീറ്റും തിരിച്ചുപിടിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബി സി ചെറിയ കോയ, എച്ച് കെ റഫീഖ്, അബ്ദുല്‍ ഷുക്കൂര്‍ അഗത്തി, മുന്‍ ചീഫ് കൗണ്‍സിലര്‍ യു സി കെ തങ്ങള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top