എന്‍സിഎച്ച്ആര്‍ഒ പൊതു സമ്മേളനം നാളെ കൊച്ചിയില്‍

കൊച്ചി: ഗുജറാത്ത് വംശഹത്യക്ക് 16 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകീട്ട് 4.30ന് ഹൈക്കോടതി ജങ്ഷനില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നു ചെയര്‍മാന്‍ വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ എം ഷാനവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്തില്‍ 3000ത്തിലേറെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അരുംകൊല ചെയ്തിട്ട് 16 വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യയില്‍ ഫാഷിസ്റ്റ് ശക്തികളുടെ വേരോട്ടത്തിന് ശക്തി പകര്‍ന്ന ഗുജറാത്ത് കലാപം ഒരിക്കലും വിസ്മരിക്കാനാവാത്ത കറുത്ത അധ്യായമാണെന്നും നേതാക്കള്‍ ആരോപിച്ചു.
പോലിസും ഫാഷിസ്റ്റുകളും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് അറുകൊല ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഫാസിസ്റ്റ് പരീക്ഷണ ശാലയിലെ ആദ്യ കൂട്ടക്കൊലയായിരുന്നു ഇത്. ഗുജറാത്തില്‍ നിന്നാണ് ആള്‍ക്കൂട്ട കൊലപാതകം ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചത്്. ഗുജറാത്ത് വംശഹത്യ ജനാധിപത്യ ഇന്ത്യയുടെ അധപ്പതനമാണ് സൂചിപ്പിക്കുന്നത്. ഈ അരും കൊലയ്‌ക്കെതിരേ പൗരാവകാശ ജനാധിപത്യ ബോധമുള്ള സമൂഹം ഒറ്റക്കെട്ടായി ഓര്‍മകള്‍ പുതുക്കേണ്ടതുണ്ട്. മറവിക്കെതിരായ സമരമാണു ഫാഷിസത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
പൊതു സമ്മേളനത്തില്‍ ബാംഗ്ലൂര്‍ നാഷനല്‍ ലോ സ്‌കൂളിലെ പ്രഫസര്‍ ഹര്‍ഗോപാല്‍ മുഖ്യാതിഥിയായിരിക്കും. ഡോ. ധന്യാമാധവ്, പ്രഫ. പി കോയ, കെ കെ ബാബുരാജ്, പി കെ അബ്ദുല്‍ ലത്തീഫ്, റെനി ഐലിന്‍, ടി കെ അബ്ദുസ്സമദ് പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top