എന്‍മകജെ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്

പെര്‍ള (കാസര്‍കോട്): ജില്ലയില്‍ ബിജെപി ഭരിച്ചിരുന്ന ഒരു പഞ്ചായത്തു കൂടി പാര്‍ട്ടിക്ക് നഷ്ടമായി. ബിജെപി ഭരിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടര്‍ന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായിരുന്നു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോ ണ്‍ഗ്രസ്സിലെ വൈ ശാരദ പ്രസിഡന്റും മുസ്‌ലിംലീഗിലെ സിദ്ദീഖ് ഖണ്ഡിഗെ വൈസ് പ്രസിഡ ന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.
17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയാണു കക്ഷിനില. എന്നാല്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത സിപിഎമ്മിലെ രണ്ട് അംഗങ്ങള്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുകയായിരുന്നു. എട്ടു വീതം വോട്ടുകള്‍ നേടിയാണു പ്രസിഡന്റും വൈസ് പ്രസിഡ ന്റും തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഏഴുവീതം വോട്ടുകള്‍ ലഭിച്ചു. സിപിഐ അംഗം ചന്ദ്രാവതിയാണു ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ യുഡിഎഫിന് വോട്ട് ചെയ്തത്. എന്‍മകജെ പഞ്ചായത്ത് കൃഷി ഓഫിസര്‍ വിപിന്‍ വി വര്‍മയായിരുന്നു റിട്ടേണിങ് ഓഫിസര്‍.
ബിജെപി ഭരിച്ചിരുന്ന കാറഡുക്ക പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സിപിഎം സ്വതന്ത്രയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് സ്വതന്ത്രനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാറഡുക്കയില്‍ യുഡിഎഫ് ചെയ്ത ഉപകാരത്തിന് എന്‍മകജെയില്‍ പ്രത്യുപകാരം ചെയ്യാന്‍ സിപിഎം തയ്യാറാവാതിരുന്നതു പരക്കെ ചര്‍ച്ചയായിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളി ല്‍ മാത്രമാണ് ഇപ്പോള്‍ ബിജെപിക്ക് ഭരണമുള്ളത്.

RELATED STORIES

Share it
Top