എന്‍ഡോസള്‍ഫാന് കെടുത്താനായത് ജീവന്‍ രാജിന്റെ കണ്ണിലെ വെളിച്ചം മാത്രം

തൃശൂര്‍: എന്‍ഡോസള്‍ഫാന് കെടുത്താനായത് ജീവന്‍ രാജിന്റെ കണ്ണിലെ വെളിച്ചം മാത്രം. ഉള്ളം നിറയെ പ്രകൃതിയിലെ തെളിച്ചമുള്ള വര്‍ണങ്ങളാണെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മിമിക്രി വേദിയിലെ ജീവന്റെ പ്രകടനം.
ജന്മനാ അന്ധനായ ജീവന്‍ പരിസ്ഥിതി സൗഹൃദ സന്ദേശമാണ് വേദിയില്‍ അവതരിപ്പിച്ചത്. ദുരമൂത്ത മനുഷ്യന്‍ ഭൂമിയെ കൊല്ലുന്നതിനെതിരായ സന്ദേശം. പ്രകൃതിയില്‍ വിഷം ചീറ്റാനെത്തുന്ന വലിയ ചിറകുള്ള പക്ഷിയുടെ ശബ്ദമെന്ന് പറഞ്ഞ് ഹെലികോപ്റ്ററിന്റെ ശബ്ദം അനുകരിച്ചതോടെ മിമിക്രി വേദിയില്‍ കയ്യടി ഉയര്‍ന്നു. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രണാമമര്‍പ്പിച്ച് ചുഴലിക്കാറ്റിന്റെ ശബ്ദം അനുകരിച്ച് തുടങ്ങിയ മിമിക്രിയില്‍ പൂരപ്രേമികള്‍ക്കായി ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റേയും ശബ്ദവും ജീവന്‍ അനുകരിച്ചു. എച്ച്എസ് വിഭാഗം മിമിക്രിയില്‍ എ ഗ്രേഡും നേടിയാണ് ജീവന്‍ നാട്ടിലേക്ക് മടങ്ങിയത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തില്‍ നിന്നാണ് ജീവന്‍ സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ പൂരങ്ങളുടെ നാട്ടിലെത്തിയത്. കലോല്‍സവം പകിട്ടേകിയ തേക്കിന്‍കാട്ടിലെ നിറമുള്ള കാഴ്ച്ചകളൊന്നും കാണാനാകുന്നില്ലെന്ന വിഷമമുണ്ടെങ്കിലും സമൂഹത്തിന് നല്ലപാഠം പകര്‍ന്നു നല്‍കാനായതിന്റെ സന്തോഷമുണ്ടെന്ന് ഈ കൊച്ചുമിടുക്കന്‍ പറയുന്നു. അച്ഛനും അമ്മയും അന്ധനായ ഒരു സഹോദരനമുള്ള ജീവന്റെ കുടുംബത്തിന് ജീവിതം ദുരന്തങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. അച്ഛന്‍ ഈശ്വനായിക് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.
നിറം കെട്ടുപോയ ജീവിതത്തിനിടയിലാണ് മക്കളുടെ നേട്ടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈ കുടുംബത്തെ തേടിയെത്തുന്നത്. ജീവന്റെ സഹോദരന്‍ ദേവീ കിരണ്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എച്ച്എസ്എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാംസ്ഥാനം നേടി ശ്രദ്ധേയനായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ശാരീരിക വൈകല്യങ്ങളേറ്റ മുപ്പതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാസര്‍കോട്  ജിഎച്ച്എസ്എസില്‍ നിന്നാണ് ജീവന്‍ കലോല്‍സവത്തിനെത്തിയത്. ജീവന്റെ സഹപാഠികളായ 20 വിദ്യാര്‍ഥികളും കാഴ്ച്ച വൈകല്യമുള്ളവരാണെന്ന് ജീവനെ കലോല്‍സവത്തിനെത്തിച്ച അധ്യാപകന്‍ ടി വി നാരായണന്‍ പറഞ്ഞു.

RELATED STORIES

Share it
Top