എന്‍ഡോസള്‍ഫാന്‍ മേഖലയ്ക്ക് 50 കോടി; പുതിയ പദ്ധതികളില്ല

കാഞ്ഞങ്ങാട്: കഴിഞ്ഞ ബജറ്റില്‍ കിഫ്ബി എക്കൗണ്ടില്‍ നിന്നുള്ള പണമുപയോഗിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളില്ല. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയ്ക്ക് 50 കോടിയും കാസര്‍കോട് വികസന പാക്കേജിന് 97 കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇപ്രാവശ്യം ജില്ലയ്ക്ക് പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാന്‍ ധനമന്ത്രി തയ്യാറായില്ല. കൂടാതെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് വ്യക്തതയുമില്ല. കാസര്‍കോട് തുറുമുഖ വികസനത്തിന് 59 കോടി രുപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് തുക നബാര്‍ഡില്‍ നിന്ന് വായ്പ ലഭ്യമാക്കുമെന്നാണ് ബജറ്റിലുള്ളത്. ഇതിനും തുക നീക്കി വച്ചിട്ടില്ല. ജില്ലയുടെ ടൂറിസം മേഖലയെ പൂര്‍ണമായും ബജറ്റ് അവഗണിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ അടക്കം ഉള്‍പ്പെടുത്തി പൈതൃക പദ്ധതിയില്‍പ്പെടുത്തിയപ്പോള്‍ ജില്ലയിലെ ടൂറിസം മേഖലയെ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള ടൂറിസം ഇന്‍ഫ്രസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്നിവയുടെ കൂടെ ബേക്കല്‍ റിസോര്‍ട്ട് കോര്‍പറേഷനും കൂടി 26.5 കോടി അനുവദിച്ചത് മാത്രമാണ് ജില്ലയ്ക്ക് ടൂറിസം മേഖലയില്‍ എടുത്ത പറയാനുള്ള പരിഗണന. ജില്ലയിലെ കാര്‍ഷിക മേഖലയ്ക്കും ബജറ്റ് പദ്ധതികള്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. കശുവണ്ടി മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ ബജറ്റില്‍ എന്നാല്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കുടുതല്‍ കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന ജില്ലയായിട്ട് കൂടി കശുവണ്ടി ഫാക്ടറി എന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള അടയ്ക്ക മേഖലയെ പൂര്‍ണമായും അവഗണിച്ചു. 19 കോടി രൂപ മാത്രമാണ് ആകെ പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ആര്‍ദ്രം പദ്ധതി യെക്കുറിച്ച് വാചാലമാകുകയും എല്ലാ മെഡിക്കല്‍ കോളജുകളിലും ഒങ്കോളജി ഡിപാര്‍ട്ട്‌മെന്റുകളും കുടാതെ പൊതു ആരോഗ്യ സര്‍വീസിനായി 1685.70 കോടി രൂപ അനുവദിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ കാസര്‍കോട്ടെ മെഡിക്കല്‍ കോളജിന് ഫണ്ട് അനുവദിച്ചില്ല. കാഞ്ഞങ്ങാടും ചീമേനിയിലും വ്യവസായ പാര്‍ക്ക് എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ഫണ്ടും സ്ഥലവും വ്യക്തമല്ല. കഴിഞ്ഞ ബജറ്റില്‍ കാസര്‍കോട്് പാക്കേജില്‍ 90 കോടി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒരു രൂപ ചെലവഴിച്ചിരുന്നില്ല.  മണ്ഡലത്തിലെ കുറ്റിക്കോലില്‍ ഐടിഐ സ്ഥാപിക്കാന്‍ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി ജില്ലയുടെ മലയോര മേഖലയെ കാര്യമായി പരിഗണിച്ചതായും  ബജറ്റ് പൊതുവേ സ്വാഗതാര്‍ഹമാണെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ റഞ്ഞു. ബജറ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നിട്ടുള്ളത്.

RELATED STORIES

Share it
Top