എന്‍ഡോസള്‍ഫാന്‍: മൂന്നു ലക്ഷം വരെയുള്ള കടം എഴുതിത്തള്ളും

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുള്ള കടങ്ങള്‍ നേരത്തെ എഴുതിത്തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗമാണ് ഈ തീരുമാനമെടുത്തത്. എന്‍ഡോസള്‍ഫാന്‍ സെല്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സെല്‍ ചെയര്‍മാന്‍കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തത്.
പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്.
പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നിലവില്‍ നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ കാന്‍സര്‍ രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അഞ്ചുഘട്ടങ്ങളായുള്ള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അര്‍ഹരായ ദുരിതബാധിതരെ നിര്‍ണയിക്കുന്നത്. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല കുടുംബങ്ങളും ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്തുപോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണനയില്ല. ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്. ബഡ്‌സ് സ്‌കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കും. ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവസ വില്ലേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉടനെ ഭരണാനുമതി നല്‍കും. കമ്പനികളുടെ സാമൂഹികഉത്തരവാദിത്ത ഫണ്ട് ഇതിന് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍ഡോസള്‍ഫാന്‍ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ കെ ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു സംബന്ധിച്ചു.

RELATED STORIES

Share it
Top