എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്റെ പെട്ടിക്കട നീക്കം ചെയ്യണമെന്ന് അധികൃതര്‍

ബദിയടുക്ക: കൈകാലുകള്‍ക്ക് ചലന ശേഷി കുറവായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവിന്റെ ഉപജീവന മാര്‍ഗമായ പെട്ടി കട എടുത്തു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും റവന്യു അധികൃതരുടെയും നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പൊതു സ്ഥലത്ത് പെട്ടിക്കട നടത്തുന്ന ചൂരിക്കോട് സ്വദേശിയും ഒരു കൈയും കാലും തളര്‍ന്ന അബ്ദുല്‍ മജീദി(32)നോടാണ് പെട്ടി കട എടുത്തു മാറ്റുവാന്‍ കുംബഡാജെ പഞ്ചായത്ത് സെക്രട്ടറിയും ഉബ്രംഗള വില്ലേജ് ഓഫിസറും ചേര്‍ന്ന് നോട്ടിസ് നല്‍കിയത്.
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ലഭിച്ച കട കുംബഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്ക-കര്‍വ്വള്‍ത്തടുക്ക പാതയോരത്തെ ചക്കുടലില്‍ സ്ഥാപിക്കുകയും കച്ചവടം ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ കച്ചവടം ഇല്ലായിരുന്നുവെങ്കിലും നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.ഇതിനിടയില്‍ കൂനിന്‍ മേല്‍ കുരുപോലെയാണ് നോട്ടിസ് മജീദിനെ തെടിയെത്തിയത്. പരിസര െത്ത മറ്റു ചില കച്ചവടക്കാര്‍ പൊതു സ്ഥലം കൈയേറി കച്ചവടം നടത്തുന്ന സ്ഥാപനംനീക്കം ചെയ്യാണമെന്ന് കാട്ടി പരാതി നല്‍കിയത്. മാതാവും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബമാണ് മജീദിന്റെത്. ഭാര്യ മിസ്രിയക്ക് സംസാര ശേഷിയും കേള്‍വി ശക്തിയുമില്ല.ഭാര്യ മിസ്രിയയും എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ടവരാണ്.

RELATED STORIES

Share it
Top