എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പിഎച്ച്‌സി അവഗണനയില്‍

പെര്‍ള: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചികില്‍സക്കായി ആശ്രയിക്കുന്ന എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ പിഎച്ച്‌സിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഡോക്ടറും ജീവനക്കാരും ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തിലായി. ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറോ മറ്റു ജീവനക്കാരും ഇല്ലാത്തത് മൂലം രോഗികള്‍ വലയുകയാണ്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ വാണി നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറുടേയും മറ്റു ജീവനക്കാരുടേയും സേവനം ലഭ്യമാകാതെ രോഗികള്‍ തിരിച്ചുപോകേണ്ടിവരുന്നത്. ഇതര ജില്ലക്കാരനായ ഒരു ഡോക്ടറുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നത് ആഴ്ചയില്‍ രണ്ടോ,മുന്നോ ദിവസം മാത്രമാണ്. ചിലപ്പോള്‍ ആഴ്ചകളോളം അവധിയിലായിരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളായ സ്വര്‍ഗ, പഡ്രെ, വാണിനഗര്‍ പ്രദേശങ്ങളിലുള്ള ദുരിത ബാധിതര്‍ക്കും പ്രദേശത്തുള്ള മറ്റു രോഗികള്‍ക്കും ഏക ആശ്രയമാണ് ഈ ആതുരാലയം.
മറ്റു ജീവനക്കാരായ ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികയില്‍ ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവരും ആശുപത്രിയില്‍ എത്തുന്നത് വല്ലപ്പോഴെങ്കിലും മാത്രം. കുംബഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനും ബെള്ളൂര്‍ പിഎച്ച്‌സിയിലെ അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് വാണി നഗര്‍ പിഎച്ച്‌സിയില്‍ അധിക ചുമതല നല്‍കിയിട്ടുള്ളത്.
അത് കൊണ്ട് തന്നെ കുംബഡാജെയില്‍ നിന്നും ബെള്ളൂരില്‍ നിന്നും ഇവിടെ എത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. ഇതിനാല്‍ ഇവരും ആശുപത്രിയില്‍ എത്തുന്നത് ചുരുക്കം ചില ദിവസങ്ങളില്‍ മാത്രം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതരായ രോഗികളുമാണ് ഇവിടെ എത്തുന്നവരില്‍ കൂടുതല്‍. ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ ഇവരുടെ ചികില്‍സ പോലും മുടങ്ങുകയാണെന്ന് പരാതിയുണ്ട്. ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ ഡോക്ടറേയും ജീവനക്കാരേയും നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top