എന്‍ഡോസള്‍ഫാന്‍ കിടപ്പുരോഗിയെ പരിശോധിച്ച് ധനസഹായം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്:  എന്‍ഡോസള്‍ഫാന്‍ ബയോമെട്രിക് കാര്‍ഡ് ലഭിച്ചിട്ടുള്ള എന്‍മകജെ സ്വദേശിയായ കിടപ്പുരോഗിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം അര്‍ഹനെന്ന് കണ്ടെത്തിയാല്‍ ആശ്വാസ ധനസഹായം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
എന്‍മകജെ ഷേണിയിലെ ബാബുവിന്റെ പരാതിയിലാണ് നടപടി.  രണ്ട് കണ്ണൂകള്‍ക്കും കാഴ്ചയില്ലാത്ത ബാബു പൂര്‍ണമായും കിടപ്പിലാണെന്ന് പരാതിയില്‍ പറയുന്നു.  പ്രതിമാസം 1700 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്.  പട്ടികജാതിക്കാരനായ ബാബുവിന് മറ്റ് ധനസഹായമൊന്നും ലഭിക്കുന്നില്ല.
കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.  പൂര്‍ണമായും കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശാരീരിക വൈകല്യമുള്ളവര്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിവര്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ധനസഹായം അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരനായ ബാബു പ്രത്യേക ധനസഹായം അനുവദിക്കാന്‍ കഴിയുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top