എന്‍ഡോസള്‍ഫാന്‍ കടബാധ്യത എഴുതിത്തള്ളാന്‍ 2.17 കോടി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹിക നീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുക അനുവദിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2018 മാര്‍ച്ച് 20ന് ചേര്‍ന്ന യോഗത്തില്‍, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കടബാധ്യത എഴുതിത്തള്ളുന്നതിന് ആവശ്യമായ തുക ഘട്ടംഘട്ടമായി മുന്‍ഗണന നിശ്ചയിച്ച് രണ്ടു കോടിയുടെ വീതം പ്രപ്പോസലായി സമര്‍പ്പിക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുന്ന 2011 ജൂണ്‍ വരെയുള്ള 1,083 കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായാണ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവു പുറപ്പെടുവിച്ചതെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top