എന്‍ഡിടിവി മേധാവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് ; പകപോക്കലെന്ന് ആരോപണംകെ  എ  സലിം

ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ സ്ഥാപകരിലൊരാളും എക്‌സിക്യൂട്ടീവ് കോ ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വീട്ടിലും ഓഫിസിലുമായി സിബിഐ റെയ്ഡ്. ഐസിഐസിഐ ബാങ്കില്‍ നിന്ന് 48 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധികാ റോയ് എന്നിവര്‍ക്കും ആര്‍ആര്‍പിആര്‍ എന്ന സ്വകാര്യ കമ്പനിക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍, മോദി സര്‍ക്കാര്‍ പകപോക്കുകയാണെന്ന് എന്‍ഡിടിവി ആരോപിച്ചു. സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിനു വഴങ്ങില്ലെന്നും എന്‍ഡിടിവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് വംശഹത്യ മുതല്‍ മോദിയുടെ കണ്ണിലെ കരടാണ് എന്‍ഡിടിവി. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്‍ഡിടിവിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന വാര്‍ത്താ ചര്‍ച്ചയ്ക്കിടെ എന്‍ഡിടിവിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ആരോപിച്ച ബിജെപി വക്താവ് സംബിത് പട്രയെ വാര്‍ത്താ അവതാരക നിഥി റസ്ദാന്‍ ഇറക്കിവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്. ലോണെടുത്ത പ്രണോയ് റോയ് അതു തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹിയിലും ഡെറാഡൂണിലും ഉള്‍പ്പെടെ റെയ്ഡ് നടത്തിയത്. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് എന്‍ഡിടിവി പ്രസ്താവനയില്‍ പറഞ്ഞു. സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സ്വതന്ത്ര മാധ്യമത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് എന്‍ഡിടിവി എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിങ് പറഞ്ഞു. സ്വതന്ത്രമായി, ഭയക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളെ വെറുതെവിടില്ലെന്ന സന്ദേശമാണ് ഇതിലുള്ളതെന്നും വഴിപ്പെടില്ലെന്നും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ നിഥി റസ്ദാന്‍ പറഞ്ഞു. എന്നാല്‍, പകപോക്കലാണെന്ന ആരോപണം കേന്ദ്രമന്ത്രി വെങ്കയ്യനായിഡു നിഷേധിച്ചു.

RELATED STORIES

Share it
Top