എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം കൈവരുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ 58 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സഭയില്‍ പ്രതിപക്ഷത്തിനുള്ള മുന്‍തൂക്കം ഏപ്രിലോടെ നഷ്ടപ്പെടും. നിലവിലെ സാഹചര്യമനുസരിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം കൈവരുമെന്നാണ് വിലയിരുത്തല്‍.
നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങള്‍ക്ക് പുറമേ 55 അംഗങ്ങളില്‍ 30 പേരും പ്രതിപക്ഷത്ത് നിന്നാണ്. 24 പേരാണ് കാലാവധി തീരുന്ന ഭരണ പക്ഷ എംപിമാര്‍. എന്നാല്‍, ഭരണപക്ഷത്തെ എംപിമാരില്‍ ഭൂരിഭാഗവും തിരിച്ചെത്തുമെന്നതാണ് അവര്‍ക്ക് അനുകൂല ഘടകം. ഇതുപ്രകാരം 123 അംഗങ്ങളുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം 115ലേക്ക് ചുരുങ്ങുമ്പോള്‍ 100 അംഗങ്ങളുള്ള എന്‍ഡിഎ 109 ലേക്ക് ഉയരും. 233 അംഗ തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളില്‍ പ്രതിപക്ഷത്തെ 123 പേരില്‍ കോണ്‍ഗ്രസ്സിന് മാത്രമായി 54 എംപിമാരും ഭരണപക്ഷത്തെ 83 പേരില്‍ ബിജെപിക്ക് മാത്രമായി 58 എംപിമാരുമാണുള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട 12 എംപിമാര്‍ കോണ്‍ഗ്രസ്സിനൊപ്പവും 4 പേര്‍ ബിജെപിക്കൊപ്പവും ഉണ്ട്. ഇതിനു പുറമേ നിലവില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ 13 എംപിമാര്‍ കൂടിയാവുമ്പോള്‍ എന്‍ഡിഎയുടെ അംഗബലം വര്‍ധിക്കും.
മാര്‍ച്ചോടെ എഐഎഡിഎംകെ അടക്കമുള്ള കക്ഷികളില്‍ നിന്ന് 24 പേര്‍ വിരമിക്കുമ്പോള്‍ ഭരണപക്ഷത്ത് 76 എംപിമാരായി ചുരുങ്ങും. എന്നാല്‍, സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം 30 പേരെങ്കിലും ഭരണപക്ഷത്ത് തിരിച്ചെത്തുന്നതോടെ അംഗസംഖ്യ 106 ആയി ഉയരുകയും ചെയ്യും. ഇതോടൊപ്പം നാമനിര്‍ദേശം ചെയ്യപെടുന്ന സീറ്റുകളിലും ഭരണപക്ഷ അനുകൂലികള്‍ എത്തുന്നതോടെ അംഗങ്ങള്‍ 109 ആവുമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍, സ്വതന്ത്രനടക്കം 30 പേര്‍ വിരമിക്കുന്ന പ്രതിപക്ഷത്തിന് 22ഓളം പേരെ മാത്രമേ തിരികെ എത്തിക്കാനാവൂ. ഇതോടെ പ്രതിപക്ഷ അംഗസംഖ്യ 115ലേക്ക് ചുരുങ്ങിയേക്കും.
ഈ അവസ്ഥ വരുന്നതോടെ സുപ്രധാന തീരുമാനങ്ങളിലടക്കം പ്രതിപക്ഷത്തെ പാടെ അവഗണിക്കുന്ന നയമാവും ഭരണപക്ഷം സ്വീകരിക്കുകയെന്ന് വ്യക്തമാണ്. അടുത്തിടെ രാജ്യസഭയിലെത്തിയ മൂന്ന് എഎപി അംഗങ്ങള്‍ ബിജെപിയോടും കോണ്‍ഗ്രസ്സിനോടും സമദൂരം പാലിക്കുന്ന നിലപാടാണുള്ളത്.

RELATED STORIES

Share it
Top