എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

അങ്കമാലി: മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് പറഞ്ഞ് എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ പേരില്‍ പണം തട്ടിയ യുവാവിനെ അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മേത്തര്‍ ഫഌറ്റില്‍ താമസക്കാരാനായ വടക്കനോടിപറമ്പില്‍ വീട്ടില്‍ രതീഷ്(45)ആണ് അറസ്റ്റിലായത്.
ആര്‍ആര്‍ കരിയര്‍ എന്‍ട്രന്‍സ് കോച്ചിങ് എന്ന പേരില്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി ഒരു കുട്ടിയില്‍ നിന്ന് 75,000 രൂപ നിരക്കില്‍ ഫീസ് മുന്‍കൂറായി വാങ്ങിയ ശേഷം രണ്ടുവര്‍ഷം കോച്ചിങ് നല്‍കി മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് പറഞ്ഞ് തുരുത്തിശേരിയിലുള്ള സഹോദരന്മാരായ രണ്ട് വിദ്യാര്‍ഥികളില്‍ നിന്നും 1,52,000 രൂപ ഇയാള്‍ വാങ്ങിയ ശേഷം നാല് ക്ലാസ് മാത്രമാണ് നല്‍കിയത്.
പ്ലസ്ടു കുട്ടികള്‍ക്കായി ആര്‍ ആര്‍ കരിയര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ കിടങ്ങൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ വച്ച് ടാലന്റ് സെര്‍ച്ച് എക്‌സാം നടത്തി അതില്‍ പാസായ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് അങ്കമാലിയിലെ പ്രമുഖ ഹോട്ടലില്‍ വച്ച്  കോച്ചിങ്ങിനെക്കുറിച്ച് കൗണ്‍സിലിങ്ങ് നടത്തിയാണ് ഇയാള്‍ കുട്ടികളെ ചേര്‍ത്തത്.
ക്ലാസുകള്‍ കൃത്യമായി നടത്താതെ വന്നതോടെ പണം തിരികെ ചോദിച്ചവരോട് ഇയാള്‍ ഓരോ കാരണം പറഞ്ഞ് മടക്കി. പരാതി നല്‍കിയ കുട്ടികളില്‍ ഒരാള്‍ മെഡിക്കലിനും മറ്റെയാള്‍ എന്‍ജിനീയറിങ്ങിനുമാണ് കോച്ചിങ് ആവശ്യപ്പെട്ടിരുന്നത്. രണ്ടുപേര്‍ക്കുംകൂടി ഒരേ ക്ലാസിലിരുത്തി നാല് ക്ലാസ് മാത്രമാണ് ഇയാള്‍ നല്‍കിയത്.
പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് മേക്കാട് സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയും തന്റെ 59,000 രൂപയും പ്രതി തട്ടിയെടുത്തതായി പരാതി നല്‍കി. ഇപ്രകാരം നിരവധിപേരില്‍ നിന്നും പണം തട്ടിയതായി പോലിസ് പറഞ്ഞു.
ഇയാള്‍ ഇത്തരത്തില്‍ വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്‌ഐ മാരായ എന്‍ എ അനൂപ്, സിഐ വിന്‍സണ്‍, എഎസ്‌ഐ അഷ്‌റഫ്, സിപിഒ റോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top