എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി സേവന പരിപാടി ആവിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കും

തേഞ്ഞിപ്പലം: മെഡിക്കല്‍ രംഗത്ത് ഹൗസ്‌സര്‍ജന്‍സി സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ സേവനം സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സേവന പരിപാടി ആവിഷ്‌കരിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു.  സര്‍വകലാശാലക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയ കായിക താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ട്രോഫികളും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.
കായിക മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച കോളജിനുള്ള പുരസ്‌കാരം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് നേടി. ട്രോഫിയും 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജ്, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മികച്ച വനിതാ കായിക പ്രതിഭകളുടെ കോളജായി തൃശൂര്‍ സെന്റ് മേരീസ് കോളജിനെ തിരഞ്ഞെടുത്തു. ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പിഎസ്എംഒ കോളജ് വിദ്യാര്‍ഥി സയ്യിദ് ശിഹാബുദ്ദീന് ചടങ്ങില്‍ പുരസ്‌കാരം നല്‍കി.  കോച്ചുമാര്‍ക്കും മാനേജര്‍മാര്‍ക്കും ട്രാക്‌സ്യൂട്ടുകളും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ പി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രോ.വൈസ് ചാന്‍സലര്‍ ഡോ.പി മോഹന്‍, സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.സി എല്‍ ജോഷി, ഡോ.പി വിജയരാഘവന്‍, രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി വി ജോര്‍ജ്ജുകുട്ടി, കായിക വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍ സി അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top