എന്‍ജിനീയറിങ് വിദ്യാര്‍ഥി ജസീം ഹംസ ഇനി പറപ്പിക്കും

കാളികാവ്: എന്‍ജിനീയറിങ് വിദ്യാര്‍ഥി നീലാഞ്ചേരി സ്വദേശി ജസീം ഹംസ സ്വന്തമായി രൂപ കല്‍പന ചെയ്ത ഹെലിക്കോപ്റ്ററില്‍ നാട്ടുകാരെ പറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ നിര്‍മിച്ച ഹെലിക്കോപ്റ്റര്‍ മാതൃക കൂടുതല്‍ വികസിപ്പിക്കുകയാണ് ഈ മിടുക്കന്റെ ലക്ഷ്യം. നാട്ടുകാര്‍ക്ക് വിസ്മയമായിരിക്കുകയാണ് ജസീമിന്റെ കണ്ടുപിടുത്തം. ബാംഗ്ലൂരില്‍ ബി.ടെക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജസീം. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജസീം ഏറെ കാലമായി നടത്തി വന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ചിറക് വച്ചിരിക്കുകയാണ്. ആനപ്പട്ടത്ത് കബീറിന്റേയും ഷഹര്‍ബാനുവിന്റേയും മകനാണ് ജസീം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഇലക്ട്രിക്ക് സംവിധാനങ്ങളോട് ഏറെ കൗതുകമായിരുന്നു ജസീമിന്. തന്റെ ഇഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് പഠനം കൂടി തുടങ്ങിയതോടെ ഉടലെടുത്തതാണ് ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള ആഗ്രഹം. ഹെലിക്കോപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജസീം വിശദീകരിച്ചു. ബ്രഷസ് മോട്ടോറുകളും വേഗതാ നിയന്ത്രണ സംവിധാനങ്ങളും ഫാനുകളും ഉപയോഗിച്ചാണ് ഹെലിക്കോപ്റ്റര്‍ നിര്‍മിക്കുന്നത്. ഹെലിക്കോപ്റ്റര്‍ പറപ്പിക്കുന്നത് കാണാന്‍ ഏറെ പേരാണ് എത്തുന്നത്. റീചാര്‍ജ് ബാറ്ററികളാണ് ഉപയോഗിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഹെലിക്കോപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. നീലാഞ്ചേരി നിവാസികളെ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഹെലിക്കോപ്റ്ററില്‍ സഞ്ചരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജസീം.

RELATED STORIES

Share it
Top