എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം: ഒരാളെ കസ്റ്റഡിയിലെടുത്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ്  കോളജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാളെ തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഹമീദ് എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കസ്റ്റഡിയിലുള്ളത്. യൂനിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായിരുന്നു.
എസ്എഫ്‌ഐക്കാരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. കോളജിന് സമീപമുള്ള പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സാണ് ചൊവ്വാഴ്ച രാത്രി സംഘം അടിച്ച് തകര്‍ത്തത്.
ഇന്നലെ ഒരു വിഭാഗം വിദ്യാര്‍ഥികളെ ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് അക്രമം സൃഷ്ടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന വൈസ് ചാന്‍സലറുടെ നിര്‍ദേശ പ്രകാരമാണ് പ്രിന്‍സിപ്പല്‍ പോലി സിനെ വിളിച്ചത്. എസ്എഫ്‌ഐ  പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ മുഹമ്മദ് ഹമീദിനെ തേഞ്ഞിപ്പലം എസ്‌ഐ അന്യായമായി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് എംഎസ്എഫ് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷനില്‍ പ്രതിഷേധമായെത്തുകയും എസ്‌ഐയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അതെ സമയം കാംപസില്‍ കയറി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രിന്‍സിപ്പല്‍ വിസിക്ക് പരാതി നല്‍കുകയും ചെയ്തു. നേരെത്തെ അക്രമണം നടത്തിയതിനെ തുടര്‍ന്ന് അഞ്ച് എസ്എഫ്‌ഐ ക്കാരെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പഠിപ്പ് മുടക്ക് സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ തിരിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് എന്‍ജിനീയറിങ് കോളജ് വീണ്ടും സഘര്‍ഷത്തിലേക്ക് നീങ്ങുന്നത്.
കാലിക്കറ്റ് സര്‍വകലാശാല ഐഇടി യില്‍ നിന്നും സംരക്ഷണം നല്‍കാനെന്ന വ്യാജേന മുഹമ്മദ് ഹമീദ് എന്ന വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി പി അഹമ്മദ് സഹീര്‍, റാഷിദ് പഴേരി, ടി പി നബീല്‍, നസീഫ് ഷെര്‍ഷ് എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top