എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക്

മാതൃക: മന്ത്രി വി എസ് സുനില്‍കുമാര്‍ തൃശൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വി.എച്ച്.എസ്.ഇ എന്‍ എസ് എസ് സംസ്ഥാനതല വാര്‍ഷിക സമ്മേളനം ‘പദാന്തരം’ അരണാട്ടുകര ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയ്ക്കിടയില്‍ ഉന്നതമായ സാമൂഹികാവബോധമുണ്ടാക്കുന്നതില്‍ എന്‍ എസ് എസിനു വലിയ പങ്കു വഹിക്കാനാവന്നുണ്ട്. മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സംഘടന നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍ എസ് എസ് വളയണ്ടിര്‍മാരുമായി സഹകരിച്ച് കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണത്തിന് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കും.
എന്‍ എസ് എസ് യൂണിറ്റുകള്‍ക്ക് കൃഷി വകുപ്പ് കാര്‍ഷിക ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വി.എച്ച്.എസ്.ഇ എന്‍ എസ് എസ് യൂണിറ്റുകള്‍ക്കുളള ഡയറക്ടറേറ്റ് ലെവല്‍ അവാര്‍ഡ് വിതരണം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. സ്റ്റേറ്റ് ന്യൂസ് ലൈറ്റര്‍ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ. എ ഫറൂഖ് അദ്ധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രിന്‍സി രാജു, എന്‍ എസ് എസ് കേരളം-ലക്ഷദ്വീപ് റീജ്യണല്‍ ഡയറക്ടര്‍ ജി പി സജിത്ത് ബാബു, സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. കെ സാബുക്കുട്ടന്‍, ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ഐ വി സോമന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് പി, ഉബൈദുളള, ശെല്‍വമണി തുടങ്ങിയവര്‍ സംസാരിച്ചു.
മികച്ച സ്‌കൂള്‍ എന്‍ എസ് യൂണിറ്റുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍, ജില്ലാതല മികച്ച എന്‍ എസ് എസ് യൂണിറ്റുകള്‍, നവീന പ്രോജക്ട് നടപ്പാക്കിയ യൂണിറ്റുകള്‍, മികച്ച സാമൂഹിക പ്രോജക്ട് നിര്‍വഹണ യൂണിറ്റ് എന്നിവയ്ക്കുളള പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top