എന്‍എസ്എസ് ക്യാംപിലെത്തിയ ചിത്രകാരന്‍ അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു

മയ്യില്‍: പെരുമാച്ചേരി സ്‌കൂളില്‍ നടക്കുന്ന മോറാഴ കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ എന്‍എസ്എസ് സഹവാസ ക്യാംപിലെത്തിയ ചിത്രകാരന്‍ അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി പരാതി. ക്യാംപ് കോ-ഓഡിനേറ്ററായ അധ്യാപകന്‍ ഷിനോദിന്റെ ഫോണാണ് ശ്രീകണ്ഠപുരം ചിരിപ്പായിലെ ചിത്രകാരന്‍ തട്ടിയെടുത്തത്. ക്യാംപിലെത്തിയ ചിത്രകാരന്‍ ബോര്‍ഡില്‍ ചില ചിത്രങ്ങള്‍ വരയ്ക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. ചിത്രകാരന്‍ പോയതിനു ശേഷമാണ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട കാര്യം ഷിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാംപംഗങ്ങളോട് തിരക്കിയപ്പോള്‍ അവരാരും എടുത്തിട്ടില്ലെന്ന് പറഞ്ഞു. എന്നാല്‍, ചിത്രകാരന്റെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്ന് ചിലര്‍ വ്യക്തമാക്കി. ഇയാളുടെ പെരുമാച്ചേരിയിലെ ഭാര്യവീട്ടില്‍ അന്വേഷിച്ചപ്പോള്‍ പരിപ്പായിലെ വീട്ടിലാണ് ഉള്ളതെന്ന് അറിഞ്ഞു. തുടര്‍ന്ന് മയ്യില്‍ എസ്‌ഐ ബാബുമോന് ഷിനോദ് പരാതി നല്‍കുകയും മൊബൈല്‍ ഫോണ്‍ ശ്രീകണ്ഠപുരം ടവറിന്റെ കീഴിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. പോലിസ് പരിപ്പായിലെ വീട്ടിലെത്തി ചിത്രകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഫോണ്‍ ശ്രീകണ്ഠപുരത്തെ ചുമട്ടുതൊഴിലാളിക്ക് വിറ്റിരുന്നു. ചുമട്ടുതൊഴിലാളിയില്‍ നിന്ന് വാങ്ങി അധ്യാപകന് തിരിച്ചുനല്‍കി. പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് ചിത്രകാരനെ പോലിസ് താക്കീത് ചെയ്തു വിട്ടു.

RELATED STORIES

Share it
Top