എന്‍എസ്എസിന്റെ മുഖം രക്ഷിക്കാന്‍ വനിതാ കമ്മീഷനംഗം ശ്രമിച്ചതായി ആക്ഷേപംകോട്ടയം: നിരവധി തവണ അന്തേവാസികള്‍ പരാതിപ്പെട്ട തിരുനക്കര എന്‍എസ്എസ് വനിതാ ഹോസ്റ്റലിനെതിരേ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് വനിത കമ്മീഷനംഗത്തിന്റെ അഭ്യര്‍ത്ഥന. എന്‍എസ്എസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു കമ്മീഷന്റെ നിര്‍ദേശം.
ഇന്നലെ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് ഇത്തരത്തില്‍ എതിര്‍ കക്ഷിക്കു വേണ്ടി അഭ്യര്‍ഥനയുമായി കമ്മീഷനംഗം ഡോ. പ്രമീളാ ദേവി എത്തിയത്. അന്തേവാസികളുടെ പരാതിക്കു പരിഹാരം കണ്ടെത്താമെന്ന് ഉറപ്പു നല്‍കിയ എന്‍എസ്എസ് നേതൃത്വം വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇവരുടെ അഭ്യര്‍ത്ഥന മാനിച്ച് മാധ്യമ പ്രവര്‍ത്തകരോട് ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും അവര്‍ പറഞ്ഞു. പരാതിപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഭീഷണിയുണ്ടെന്ന് അറിഞ്ഞിട്ടും വനിതാ കമ്മീഷന്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ മാനം സംരക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഹോസ്റ്റലിനെതിരെയുള്ള അന്തേവാസികളുടെ പരാതി  പൊതുജന മധ്യത്തിലെത്തിച്ചാല്‍ പരാതിക്കാര്‍ക്കെതിരേ ഭീഷണിയുണ്ടാവുമെന്നു വനിതാ കമ്മീഷനംഗം വെളിപ്പെടുത്തിയിരുന്നു. 177 പെണ്‍കുട്ടികള്‍ ഒപ്പിട്ടു നല്‍കിയ പരാതിയില്‍ വിശകലനം ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണി ഉണ്ടാവുമെന്നറിഞ്ഞിട്ടും സംരക്ഷണം ഉറപ്പുവരുത്താനോ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ കമ്മീഷന്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്.   പെണ്‍കുട്ടികള്‍ തന്നെ കമ്മീഷന്‍ മുമ്പാകെ ഹോസ്റ്റലിനെതിരേ പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തുമെന്ന് വ്യക്തമാക്കിയെങ്കിലും സുരക്ഷ ഉറപ്പാക്കാനോ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ കമ്മീഷന്‍ ചെറുവിരല്‍ അനക്കിയില്ല. ഹോസ്റ്റലിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒരാഴ്ച്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് വാര്‍ഡനു നിര്‍ദേശം നല്‍കിയെങ്കിലും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിനെതിരേ റിപോര്‍ട്ട് തേടാന്‍ കമ്മീഷന്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്.
പരാതിക്കാര്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് പകരം കുറ്റക്കാരെ പൊതുജനമധ്യത്തില്‍ എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് പ്രമീളാദേവി നടത്തിയത്. കമ്മീഷനു മുമ്പാകെ പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച പരാതി പ്രകാരം വാര്‍ഡനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്ത കമ്മീഷനംഗം പിന്നീട് ഫോണ്‍ ചെയ്തത് എന്‍എസ്എസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കായിരുന്നു.
ഇവിടെ വിളിച്ച് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എന്‍എസ്എസ് പ്രതിനിധി കമ്മീഷനംഗം പ്രമീളദേവിയോട് പറഞ്ഞ അപേക്ഷ വാര്‍ത്തയ്ക്ക് പ്രചാരണം നല്‍കരുതെന്നായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനോട് കര്‍ശന നിലപാട് സ്വീകരിച്ച പ്രമീളാ ദേവി എന്‍എസ്എസ് നേതൃത്വത്തിന് മുമ്പില്‍ മൃദു സമീപനമായിരുന്നു സ്വീകരിച്ചത്. വാര്‍ഡനോട് ഉത്തരവിട്ട ഇവര്‍ എന്‍എസ്എസിന്റെ മുമ്പില്‍ അപേക്ഷിക്കുകയായിരുന്നു.
മാത്രമല്ല, എതിര്‍കക്ഷിയുടെ നിര്‍ദേശം യാഥാര്‍ഥ്യമാക്കാനും ശ്രമം നടത്തി. എന്‍എസ്എസ് പ്രതിനിധിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ചിത്രങ്ങളെടുക്കാനും കമ്മീഷനംഗം സമ്മതിച്ചില്ല.
കുടുംബ പ്രശ്‌നങ്ങളുമായി എത്തുന്നവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാതെയിരുന്ന കമ്മീഷനംഗം എന്‍എസ്എസിനു വേണ്ടി അഭ്യര്‍ഥനയുമായി രംഗത്തെത്തിയത് ഇതിനോടകം വിമര്‍ശനത്തിന് ഇടയാക്കി.

RELATED STORIES

Share it
Top